സജീഷ് ടോം (യുക്മ നാഷണല്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍)
ദേശീയ കലാമേളയുടെ വന്‍ വിജയത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് കൊണ്ട് യുക്മ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി ‘നാഷണല്‍ സ്പോര്‍ട്സ് മീറ്റ്’ സംഘടിപ്പിക്കുന്നു. മെയ് 12 ആം തിയതി ശനിയാഴ്ച ബര്‍മിങ്ങ്‌ഹാം വിന്‍ഡ്‌ലി ലഷര്‍ സെന്ററില്‍ നടക്കുന്ന മത്സരങ്ങളില്‍ റീജിയണല്‍ തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കായിക പ്രതിഭകളായിരിക്കും മാറ്റുരയ്ക്കുന്നത്.
റീജിയണല്‍ മത്സരങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഈ മാസം തന്നെ മത്സരങ്ങള്‍ നടക്കുന്നതാണെന്ന് റീജിയണല്‍ നേതൃത്വം അറിയിച്ചിട്ടുണ്ട്. യു കെ മലയാളികളുടെയും യുക്‌മയുടെയും ചരിത്രത്തില്‍ ഇതാദ്യമായി നടക്കുന്ന കായികമാമാങ്കം എന്ന നിലയില്‍ വളരെ വാശിയേറിയ മത്സരങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വടംവലി, 100 * 4 മീറ്റര്‍ റിലെ, 50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍ വിഭാഗങ്ങളിലെ ഓട്ടം, ലോംഗ്‌ജമ്പ്, ഷോട്‌പുട് തുടങ്ങിയ ഇനങ്ങളില്‍ സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 09.30ന് രജിസ്ട്രേഷനും കൃത്യം 10 മണിക്ക് മത്സരങ്ങളും ആരംഭിക്കുന്നതാണ്. റീജിയണുകളില്‍ നിന്നും പങ്കെടുക്കുന്നവരുടെ ലിസ്റ്റ് മെയ് അഞ്ചാം തിയതിക്കു മുമ്പ് യുക്മ നാഷണല്‍ സെക്രട്ടറിക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണ്.
യു കെയിലെ വിവിധ റീജിയണുകളെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കാനെത്തുന്ന മലയാളി കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാനും ഈ കായികമേള ആസ്വദിക്കുവാനും യു കെയിലെ എല്ലാ മലയാളില്‍ കുടുംബാംഗങ്ങളെയും യുക്മ ദേശീയ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, ദേശീയ ജനറല്‍ സെക്രട്ടറി എബ്രഹാം ലൂക്കോസും സ്വാഗതം ചെയ്യുന്നു. പങ്കെടുക്കുന്നവരുടെ ലിസ്റ്റ് അയയ്ക്കേണ്ട ഇ-മെയില്‍ വിലാസം secretary.ukma@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 07714160747 (വര്‍ഗീസ് ജോണ്‍), 07886262747 (എബ്രഹാം ലൂക്കോസ്), 07706913887 (സജീഷ് ടോം). മത്സരം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം താഴെ കൊടുക്കുന്നു: വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍, ക്ലിഫ്‌ടണ്‍ റോഡ്, സട്ടണ്‍ കോള്‍ഡ് ഫീല്‍ഡ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ബര്‍മിങ്ങ്‌ഹാം – B73 6EB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല