
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): മെയ്ക്കരുത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും കായികോത്സവമായ യുക്മ ദേശീയ കായികമേള 2023 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. യുക്മ ദേശീയ കായികമേളക്ക് ഇന്ന് ശനിയാഴ്ച (15/07/23) മിഡ്‌ലാൻഡ്‌സിലെ ചരിത്ര പ്രസിദ്ധമായ നൈനീറ്റണിലാക് വേദിയൊരുങ്ങുന്നത്.
യു കെ കായിക പ്രേമികളുടെ രോമാഞ്ചമായ നൈനീറ്റൺ പ്രിംഗിൾസ് സ്റ്റേഡിയത്തിൽ യുക്മ ദേശീയ കായിക മാമാങ്കത്തിന്റെ രണഭേരി മുഴങ്ങുമ്പോൾ യുകെയുടെ വിവിധ റീജിയണുകളിൽ പൂർത്തിയായ കായിക മേളയിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഇന്നത്തെ ദേശീയ കായിക മേളയിൽ മാറ്റുരയ്ക്കുന്നത്. രാവിലെ 10 മണിക്ക് മാർച്ച് പാസ്റ്റോടെ ആരംഭിക്കുന്ന കായിക മേള യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. തുടർന്ന് മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾക്കു ശേഷം സമ്മാനദാനത്തോടെ കായിക മേളക്ക് തിരശീല വീഴും.
ദേശീയ മേളക്ക് മുന്നോടിയായി റീജിയണൽ തലത്തിൽ പ്രഖ്യാപിച്ചിരുന്ന എല്ലാ മേഖലാ കായികമേളകളും ആവേശോജ്വലമായ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. റീജിയണൽ മത്സരങ്ങളിൽ വിജയിക്കുന്നവർ ഏറ്റുമുട്ടുന്ന ദേശീയ വേദികൾ ആണ് യുക്മ ദേശീയ കായികമേളകൾ. റീജണൽ കായികമേളകളിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കും, ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കുമാണ് ദേശീയ മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.
ഈ വർഷം ഗ്രൂപ്പിനങ്ങളിൽ റിലേ മത്സരങ്ങൾക്കൊപ്പം പ്രധാന മത്സര ഇനമായി വടംവലി മത്സരം കൂടി ഉള്ളതിനാൽ വലിയ ആവേശത്തോടെയാണ് റീജിയനുകളിൽ നിന്നും ടീമുകൾ എത്തിച്ചേരുക. ഇത്തവണ വടംവലി മത്സരത്തിൽ വിജയികളാവുന്നവർക്ക് ടിറ്റോ തോമസ് തൻ്റെ പിതാവിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ തോമസ് പുന്നമൂട്ടിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് പുറമെ ക്യാഷ് പ്രൈസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള പ്രെസ്റ്റണിലും, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കായികമേള ഹള്ളിലും സൗത്ത് ഈസ്റ്റ് റീജിയൺ കായികമേള ഹേവാർഡ്‌സ് ഹീത്തിലും അരങ്ങേറി. ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ മേള നനീറ്റണിലും, സൗത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങൾ യോവിലും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ മേള ലൂട്ടണിലും നടന്നു.
യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് വൈസ് ചെയർമാനും ദേശീയ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം എന്നിവർ ജനറൽ കൺവീനർമാരായും, കായികമേള കോർഡിനേറ്റർ സെലീനാ സജീവ് എന്നിവരും, ദേശീയ റീജിയണൽ ഭാരവാഹികൾ ഉൾപ്പെടുന്ന സംഘാടകസമിതി കഴിഞ്ഞ ദിവസം യോഗം ചേർന്ന് ദേശീയ കായികമേളയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തിരുന്നു. കേരളാ ക്ളബ് നൈനീട്ടനും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണും സംയുക്തമായാണ് ദേശീയ കായികമേള 2023 ന് ആതിഥേയത്വം വഹിക്കുന്നത്.
ദേശീയ ട്രഷറർ ഡിക്‌സ് ജോർജ്, വൈസ് പ്രസിഡൻ്റുമാരായ ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, റീജിയണൽ ഭാരവാഹികളായ അഡ്വ. ജാക്സൺ തോമസ്, ബിജു പീറ്റർ, ബെന്നി ജോസഫ് (നോർത്ത് വെസ്റ്റ്), സാജൻ സത്യൻ, വർഗീസ് ഡാനിയേൽ, അമ്പിളി സെബാസ്റ്റ്യൻ (യോർക്ക് ഷെയർ), ഷാജി തോമസ്, സുരേന്ദ്രൻ ആരക്കോട്, ജിപ്സൻ തോമസ് (സൗത്ത് ഈസ്റ്റ്), ജയകുമാർ നായർ, ജോർജ് തോമസ്, പീറ്റർ ജോസഫ് (മിഡ്‌ലാൻഡ്‌സ്), ടിറ്റോ തോമസ്, സുജു ജോസഫ്, സുനിൽ ജോർജ് (സൗത്ത് വെസ്റ്റ്), സണ്ണിമോൻ മത്തായി ജയ്സൻ ചാക്കോച്ചൻ, ജോബിൻ ജോർജ് (ഈസ്റ്റ് ആംഗ്ലിയ) തുടങ്ങിയവരും മറ്റ് ഭാരവാഹികളും യുക്മ ദേശീയ കായികമേള വൻവിജയമാക്കുവാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത്.
കായികമേള സംഘടിപ്പിക്കാൻ കഴിയാതെവന്ന വെയിൽസ് റീജിയൺ, നോർത്ത് ഈസ്റ്റ് റീജിയൺ, സ്കോട്ട്ലൻഡ് റീജിയൺ, നോർത്തേൺ അയർലൻണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾക്കും, നിബന്ധനകളുടെ അടിസ്ഥാനത്തിൽ, ദേശീയ മേളയിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അലൈഡ് ഫിനാൻസ് ലിമിറ്റഡ് (ലൈഫ് ലെെൻ പ്രൊട്ടക്ട്), പോൾ ജോൺ സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഫിനാൻസ്, മലബാർ ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് കായിക മേളയുടെ പ്രധാന സ്പോൺസർമാർ.
യുക്മ ദേശീയ കായികമേളയിൽ മത്സരാർത്ഥികളായി എത്തിച്ചേരുന്ന അറുന്നൂറിൽ പരം കായിക താരങ്ങൾക്കും അതിലേറെ വരുന്ന കണികൾക്കും വേണ്ടി വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ മുതൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ മിതമായ നിരക്കിൽ നാടൻ വിഭവങ്ങൾ ലഭ്യമായിരിക്കും. യുകെയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ റെഡ് ചില്ലീസ് ആണ് ഭക്ഷണം ഒരുക്കുന്നത്.
കായികമേള അരങ്ങേറുന്ന സ്റ്റേഡിയത്തിന്റെ മേൽവിലാസം:
Pringles Stadium, Avenue Road, Nuneaton – CV11 4LX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല