പി.ആർ.ഒ (യുക്മ നോർത്ത് വെസ്റ്റ് റീജിയൻ, ബോൾട്ടൻ): യുക്മ നോർത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റീജിയണൽ കലാമേളയിൽ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം വാറിംഗ്ടൺ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ടും കരസ്ഥമാക്കി.
കലാ തിലകമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ അപർണ്ണാ ഹരീഷ്, കലാപ്രതിഭാ പട്ടം ലിവർപൂൾ മലയാളി അസോസിയേഷനിലെ അലിക് മാത്യു, വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ഡിയോൺ ജോഷ് എന്നിവർ ചേർന്നും പങ്കുവച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവും മികച്ചതായി സംഘടിപ്പിക്കപ്പെട്ട കലാമേളയിൽ മത്സരാർത്ഥികളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു പരാതിക്ക് പോലും ഇട കൊടുക്കാത്ത കലാമേള പര്യവസാനിച്ചത് ജാക്സൻ തോമസ് നേതൃത്വം കൊടുക്കുന്ന നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിക്ക് അഭിമാനാർഹമായി.
രാവിലെ 10.30 ന് ഭരതനാട്യം മത്സരത്തോടെ ആരംഭിച്ച മത്സരങ്ങൾ യുക്മ മുൻ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൻ തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സരേഷ് നായർ സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, നാഷണൽ കലാമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് സെക്രട്ടറിയുമായ സാജൻ സത്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നാഷണൽ ഉപദേശക സമിതിയംഗം തമ്പി ജോസ്, യുക്മ സാംസ്കാരിക സമിതി വൈസ് ചെയർമാൻ ജോയി അഗസ്തി, ഡോ.സിബി വേകത്താനം റീജിയൻ ഭാരവാഹികളായ കെ.ഡി.ഷാജിമോൻ, ബിജു പീറ്റർ, രാജീവ്.സി.പി., പുഷ്പരാജ് അമ്പലവയൽ, ജോബി സൈമൺ, ബിനു വർക്കി, ഷിജോ വർഗ്ഗീസ്, തങ്കച്ചൻ എബ്രഹാം, ബോൾട്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻറ് സോജിമോൾ തേവാരിൽ, അസോസിയേഷൻ പ്രസിഡന്റുമാരായ അനീഷ് കുര്യൻ, ജിപ്സ്ൻ, ജോഷി മാനുവൽ, സ്പോൺസർമാരായ ജോയ് തോമസ് (അലൈഡ് ഫിനാൻസ്), ജയ്സൻ കുര്യൻ (മൂൺ ലൈറ്റ് ബെഡ് റൂംസ് & കിച്ചൻ), ജോഷി മാനുവൽ (റോസ്റ്റർ കെയർ), ഗിൽബർട്ട് (ഹെൽത്ത് സ്കിൽ ട്രെയിനിംഗ്) തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
മത്സരശേഷം നടന്ന സമാപന സമ്മേളനം യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.നവംബർ 2 ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ദേശീയ കലാമേളയുടെ വിജയത്തിനായി എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് അലക്സ് തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. തുടർന്ന് നടന്ന സമ്മാനദാനത്തിൽ ചാമ്പ്യൻ അസോസിയേഷനായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് അലക്സ് വർഗ്ഗീസ് എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ വാറിംഗ്ടൺ മലയാളി അസോസിയേഷന് നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ എന്നിവർ ചേർന്ന് ട്രോഫി സമ്മാനിച്ചു. വിജയികൾക്ക് റീജിയൻ, അസോസിയേഷൻ ഭാരവാഹികൾ, ജഡ്ജസ്, സ്പോൺസർമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
രണ്ട് വേദികളിലായി നടന്ന മത്സരങ്ങൾ വളരെ കൃത്യമായി എണ്ണയിട യന്ത്രം പോലെ സംഘാടക സമിതി പ്രവർത്തിച്ചപ്പോൾ സമയത്ത് തന്നെ മത്സരങ്ങളെല്ലാം തീർത്ത് സമ്മാനദാനം നിർവ്വഹിക്കാനായി. കുര്യൻ ജോർജ്, ബിജു പീറ്റർ, രാജീവ്, ജോബോയ് ജോസഫ് എന്നിവർ നിയന്ത്രിച്ച ഓഫീസ് ഒരു കാര്യത്തിനും തടസ്സമില്ലാതെ പ്രവർത്തിച്ചു. സ്റ്റേജുകളെ നിയന്ത്രിച്ച ഷിജോ വർഗീസ്, കെ. ഡി. ഷാജിമോൻ, ബിനുവർക്കി, ജോബി സൈമൺ തുടങ്ങിയവർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു. ബെൻസൻ ക്രമീകരിച്ച ലൈറ്റ് & സൗണ്ട് മികച്ച രീതിയിൽ മത്സരങ്ങളെ സഹായിച്ചു. ജോണി കണിവേലിൽ ഒരുക്കിയ ഫുഡ് സ്റ്റാളും, കുട്ടികളുടെ സ്നാക്ക്സ് ബാറും ഭക്ഷണ കാര്യങ്ങൾ ക്രമീകരിച്ചു.
യുകെയിലെ പ്രമുഖ ഇൻഷുറൻസ് മോർട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ആയിരുന്നു കലാമേളയുടെ മെഗാ സ്പോൺസർമാർ. യുകെയിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനമായ മൂൺ ലൈറ്റ് ബെഡ്റൂംസ് & കിച്ചൻ (കേരളത്തിൽ നാട്ടിലെ കസ്റ്റമേഴ്സിന് വേണ്ടി കൊച്ചിയിൽ ഫാക്ടറിയും ഓഫീസും പ്രവർത്തിക്കുന്നു), ഹെൽത്ത് സ്കിൽ ട്രെയിനിംഗ്, റോസ്റ്റർ കെയർ നഴ്സിംഗ് ഏജൻസി, വിഗൻ, ലവ് 2 കെയർ നഴ്സിംഗ് ഏജൻസി (പുതിയ ഓഫീസ് ലിവർപൂളിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നു.) എന്നിവരായിരുന്നു കലാമേളയുടെ സ്പോൺസേഴ്സ്.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള വൻപിച്ച വിജയമാക്കിത്തീർത്തതിന് റീജിയൻ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സുരേഷ് നായർ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല