അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുക്മ നഴ്സസ് ഫോറത്തിൻ്റെ (UNF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷം നാളെ മെയ് 23 ഞായറാഴ്ച നടക്കുകയാണ്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടി യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ ഇംഗ്ലണ്ട് ശ്രീ.ഡൻഗൻ ബർട്ടൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് നടക്കുന്ന വിവിധ പരിപാടികളിൽ നഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തികൾക്കൊപ്പം സാമൂഹ്യ കലാരംഗത്തെ പ്രമുഖരും ഒത്തുചേരുന്നതാണ്.
യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ഉപദേശക സമിതിയംഗവും യുക്മ നഴ്സസ് ഫോറം മുൻ കോർഡിനേറ്ററുമായ തമ്പി ജോസ്, ആർ.സി.എൻ പ്രതിനിധിയും യുക്മയുടെ ലണ്ടൻ കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. യു.എൻ.എഫ് നാഷണൽ കോർഡിനേറ്റർ സാജൻ സത്യൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് സിന്ധു ഉണ്ണി നഴ്സസ് ദിന സന്ദേശം നൽകും. സെക്രട്ടറി ലീനുമോൾ ചാക്കോ നന്ദി പ്രകാശിപ്പിക്കും
നഴ്സിംഗ് മേഖലയിലെ പ്രമുഖരായ ഡോ.അബ്ദുൾ നാസർ, ജെൻ വാറ്റ്സൻ, സോണിയ ലുബി, മിനിജ ജോസഫ്, ഡോ. ഡില്ല ഡേവിസ്, ഡോ.പർവീൺ അലി, പാൻസി ജോസ്, ബിപിൻ രാജ്, ലവ് ലി സിബി, അബിൻ തോമസ്, റോസ് ജിമ്മിച്ചൻ, ഷൈനി മാത്യു, യദു കൃഷ്ണ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അനുഭവങ്ങളും ആഘോഷങ്ങളെ തികച്ചും പ്രൊഫഷണൽ തലത്തിലെത്തിക്കും.
പ്രശസ്ത ഗായകൻ ഐഡിയ സ്റ്റാർ സിംഗർ ജേതാവ് ജോബി ജോൺ, കൈരളി ടിവി ഗാന ഗന്ധർവ്വസംഗീതം ജേതാവ് എം.ജെ. രാജാമോഹൻ തുടങ്ങിയവർ നഴ്സസ് ദിനാഘോഷ പരിപാടിക്ക് കൊഴുപ്പേകും.പ്രസ്തുത പരിപാടിയിൽ യുക്മയുടെ റീജിയണൽ തലങ്ങളിൽ നിന്നുമുള്ള നഴ്സുമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
നാളെ മെയ് 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികൾ നടക്കുക. പ്രശസ്ത കലാകാരൻമാരായ അഷിതാ സേവ്യർ, ജാസ്മിൻ പ്രമോദ്, ബിന്ദു സോമൻ, അജി. വി.പിള്ള, സ്മിത തോട്ടം, ഷിനു ജോസ്, സോണി.കെ.ജോസ്, ടെസി സോജൻ & മരിയ സോജൻ, മെറിനാ ലിയോ, ജോമാ & ബ്രീസ്, അന്ന അനൂജ്, മിനി ബെന്നി, സോഫിയ ബിജു തുടങ്ങിയവരോടൊപ്പം സാൽഫോർഡ് നഴ്സസും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശഭരിതരാക്കും.
യുകെയിലെ മലയാളി സമൂഹത്തിൻ്റെ ജീവനാഡികളായ നഴ്‌സുമാർക്കു വേണ്ടി യുക്മ സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളിൽ യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യുകെയിലെ നഴ്സുമാർക്കു വേണ്ടി നിരവധി പരിപാടികൾ യു.എൻ.എഫ് ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്സുമാരുടെ ശമ്പളവർദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് പെർമനൻ്റ് റസിഡൻസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് അഞ്ഞൂറോളം പ്രാദേശിക എംപിമാർ മുഖാന്തിരം നിവേദനങ്ങൾ നല്കുവാനും ഇക്കാര്യങ്ങളിൽ അനുകൂലമായ അഭിപ്രായ സമന്വയം ഉണ്ടാക്കിയെടുക്കുവാൻ യുക്മയ്ക്കും യു.എൻ എഫിനും സാധിച്ചിട്ടുണ്ട്. അതിനുകൂലമായ തീരുമാനം നേടിയെടുക്കുവാനുള്ള പോരാട്ടങ്ങൾ തുടരുകയാണ്.
ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്സുമാർ. ഈ കോവിന് കാലഘട്ടത്തിൽ രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി സ്വജീവൻ ബലികഴിച്ചും നിലകൊള്ളുന്നവരുമാണ് നഴ്സുമാർ. നഴ്സുമാർ ഓരോരുത്തരും അവരവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്നവരുമാണ്.
മൂന്നും നാലും അതിലധികവും വർഷങ്ങളിലെ പഠനകാലങ്ങളിൽ നേടുന്ന വിലമതിക്കാനാവാത്ത അറിവും, വിജ്ഞാനവും, പരിശീലനകാലങ്ങളിൽ നേടുന്ന അമൂല്ല്യമായ അറിവുകളും ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ പ്രാപ്തമായ രീതിയിൽ കൊണ്ടു പോകുവാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കുന്നു. അത് കുലീനമായ നഴ്സിംഗ് ജോലിയുടെ മാത്രം പ്രത്യേകതയാണത്.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ നഴ്സുമാരുടെ ജോലി വളരെയേറെ ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും സഹ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ, മറ്റുള്ളവർക്കായി ചെയ്യുന്ന നല്ല പ്രവർത്തികൾ, അഭിമാനിക്കാൻ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാർക്ക്.
യുക്മ യുകെയിലെ എല്ലാ യു.കെ. മലയാളി നഴ്സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു വലിയ പ്ലാറ്റ്ഫോമാണ് യുക്മ നഴ്സസ് ഫോറം (യു.എൻ.എഫ്). പരിശീലനം, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ചവർക്ക് ബഹുമതി നൽകി ആദരിക്കുക തുടങ്ങിയവയിലൂടെ നഴ്സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണൽ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എൻ.എഫ് പ്രവർത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്സുമാരും പ്രൊഫഷണൽ കാര്യങ്ങളിൽ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എൻ.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവർത്തിക്കാൻ യു എൻ എഫ് ദേശീയ സമിതി അഭ്യർത്ഥിക്കുന്നു.
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിൻറ് സെക്രട്ടറിയും യു എൻ എഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യൻ, പ്രസിഡൻ്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല