കുര്യൻ ജോർജ് (ഓണാവസന്തം യു കെ ഇവൻ്റ് ഓർഗനൈസർ): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” നാളെ സെപ്റ്റംബർ 26 ഞായർ 2 PM ന് (ഇന്ത്യൻ സമയം 6.30 PM) യുക്മ ഫേസ്ബുക്ക് പേജിൽ ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു. യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിക്കും. യുക്മ വൈസ് പ്രസിഡൻ്റും ഓണ വസന്തം 2021 ഇവൻറ് കോർഡിനേറ്ററുമായ അഡ്വ. എബി സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിക്കും.
കേരളത്തിലെ മന്ത്രിസഭയിലെ പുതുമുഖമായ ശ്രീ.റോഷി അഗസ്റ്റിൻ ജനപ്രിയങ്ങളായ നിരവധി പരിപാടികളിലൂടെ ഇതിനോടകം ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. യുക്മ നേതൃത്വവുമായി അടുത്ത സൗഹൃദമുള്ള, യു കെ യിൽ ഒട്ടേറെ സുഹൃത്തുക്കളുള്ള മന്ത്രി റോഷി അഗസ്റ്റിൻ മുൻപ് നിരവധി തവണ യുക്മയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന റോഷി അഗസ്റ്റിൻ, യുക്മ – മലയാള മനോരമ ഓണവസന്തം 2021 ഉദ്ഘാടനം ചെയ്യാനെത്തുന്നതിൽ യുക്മ സഹചാരികളും യു കെ മലയാളികളും ഏറെ സന്തോഷത്തിലാണ്.
മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.
അലീന സെബാസ്റ്റ്യൻ, ആനി അലോഷ്യസ്, ഡെന്ന ആൻ ജോമോൻ, ദൃഷ്ടി പ്രവീൺ – ശ്രദ്ധ വിവേക് ഉണ്ണിത്താൻ, ലക്ഷമി രാജേഷ്, നെൽസൺ ബൈജു, സൈറ മരിയ ജിജോ, ടെസ്സ സൂസൻ ജോൺ എന്നീ ഗായകരും മറ്റ് കലാ വിരുന്നുകൾക്കൊപ്പം ഓണവസന്തം 2021 ന് മാറ്റ് കൂട്ടുവാനെത്തുകയാണ്.
ബർമിംങ്ഹാമിനടുത്ത് വാൽസാളിൽ നിന്നുള്ള കൊച്ച് ഗായിക അലീന സെബാസ്റ്റ്യൻ യുകെ മലയാളികൾക്ക് സുപരിചിതയാണ്. പദ്മശ്രീ ഡോ. K J യേശുദാസ്, M G ശ്രീകുമാർ എന്നിവരോടൊപ്പം വേദികളിൽ പാടിയിട്ടുള്ള അലീന യുക്മ കലാമേളകളിലെ ഒരു സ്ഥിര സാന്നിദ്ധ്യമാണ്. നിരവധി സ്റ്റേജ് ഷോകളിൽ പാടിയിട്ടുള്ള അലീന ഓൺലൈൻ മ്യൂസിക് പ്രോഗ്രാമുകളിലും നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.
അനുഗ്രഹീത ശബ്ദത്തിനുടമയായ ആനി അലോഷ്യസ് ഒരു ഗായിക മാത്രമല്ല ഒരു സകല കലാ വല്ലഭയും കൂടിയാണ്. കർണാട്ടിക് സംഗീതം, ശാസ്ത്രീയ നൃത്തം, പിയാനോ, കരാട്ടെ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പരിശീലനം തുടരുന്ന ആനി പഠനത്തിലും ഏറെ മുൻപിലാണ്. യുക്മ നാഷണൽ കലാമേളയിലെ ഈ കലാതിലകം നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ലണ്ടനടുത്ത് ലൂട്ടനിൽ നിന്നുള്ള ആനി നിരവധി ഓൺലൈൻ സംഗീത പരിപാടികളിലെ സജീവ സാന്നിദ്ധ്യമാണ്.
യുകെയിലെ ബെഡ്ഫോർഡിൽ നിന്നുള്ള ഡെന്ന ആൻ ജോമോൻ നല്ലൊരു ഗായിക എന്ന നിലയിൽ മാത്രമല്ല മികച്ച ഒരു നർത്തകിയെന്ന നിലയിലും ഏറെ പ്രശസ്തയാണ്. കർണാട്ടിക് സംഗീതത്തോടൊപ്പം ഭരതനാട്യവും കുച്ചിപ്പുടിയും പരിശീലിക്കുന്ന ഡെന്ന ഇതിനോടകം 10 ലേറെ ആൽബം ഗാനങ്ങൾ പാടിയിട്ടുണ്ട്. K S ചിത്ര, G വേണുഗോപാൽ, ഉണ്ണി മേനോൻ, സ്റ്റീഫൻ ദേവസ്സി തുടങ്ങിയവരോടൊപ്പം വേദി പങ്കിട്ടിട്ടുള്ള ഡെന്ന എഴുതി പാടിയ “Once me” എന്ന ആൽബം ഒക്ടോബറിൽ റിലീസിന് ഒരുങ്ങുകയാണ്.
തന്റെ മധുര ശബ്ദത്തിൽ മലയാളികളുടെ മനം മയക്കിയ കൊമാര പ്രതിഭ ദൃഷ്ടി പ്രവീൺ പാടുമ്പോൾ നൃത്തവുമായി കൂട്ടിനെത്തുന്നത് ശ്രദ്ധ വിവേക് ഉണ്ണിത്താനെന്ന കൊച്ച് കലാകാരിയാണ്. ഓൺലൈൻ മ്യൂസിക് ഷോകളിലൂടെ യുകെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ദൃഷ്ടി നിരവധി സ്റ്റേജ് ഷോകളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ദൃഷ്ടിയുടെ മനോഹരമായ പാട്ടിനൊപ്പം സുന്ദരമായ നൃത്തച്ചുവടുകളും അഭിനയ മുഹൂർത്തങ്ങളുമായി ശ്രദ്ധയെന്ന കൊച്ച് മിടുക്കിയും യുകെ മലയാളികൾക്ക് മുന്നിൽ എത്തുകയാണ്.
ലണ്ടനിൽ നിന്നുള്ള ലക്ഷ്മി രാജേഷ് എന്ന കൊച്ച് ഗായിക യുകെ മലയാളികളുടെ ഇഷ്ട ഗായികയാണ്. ട്വിറ്ററിൽ ലക്ഷ്മിയുടെ പാട്ടിന് പ്രശംസാ വചനങ്ങൾ കുറിച്ച സാക്ഷാൽ A R റഹ് മാനും ഓൺലൈൻ സംഗീത മത്സര വേദികളിൽ ലക്ഷ്മിയുടെ പാട്ടുകൾ കേട്ട് വിധിയെഴുതിയ പത്മശ്രീ ഉഷ ഉതുപ്പും അനുരാധ ശ്രീറാമും ഉൾപ്പടെയുള്ള പ്രമുഖരാണ് ലക്ഷ്മിയുടെ പാട്ടുകളെ അഭിനന്ദിക്കുന്നത്. നിരവധി ഓൺലൈൻ സംഗീത മത്സരങ്ങളിലെ ഈ വിജയി പഠനത്തോടൊപ്പം സംഗീത പരിശീലനവും തുടരുകയാണ്.
യുകെയിലെ ലിങ്കണിൽ നിന്നുള്ള 13 വയസ്സ്കാരൻ നെൽസൺ ബൈജു ഒരു മികച്ച ഗായകനാണ്. M G ശ്രീകുമാർ, K S ചിത്ര, സുജാത, വിജയ് യേശുദാസ്, സുദീപ് കുമാർ, വിദ്യാ സാഗർ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം വേദികൾ പങ്കിട്ടിട്ടുള്ള നെൽസൺ നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏതാനും സംഗീത ആൽബങ്ങളിൽ പാടിയിട്ടുള്ള നെൽസൺ പഠനത്തോടൊപ്പം സംഗീത പരിശീലനവും തുടരുന്നു.
സൈറ മരിയ ജിജോ ബർമിംങ്ങ്ഹാമിൽ നിന്നുള്ള അനുഗ്രഹീത ഗായികയാണ്. യുക്മ ദേശീയ കലാമേളയിൽ ഭാഷകേസരി പട്ടം മൂന്നു തവണ തുടർച്ചയായി നേടിയ സൈറ യുകെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ്. കർണാട്ടിക് മ്യൂസിക്കിൽ പരിശീലനം തുടരുന്ന സൈറ 2019 ൽ ഓൺലൈനായി നടന്ന ‘Sing with Dr. K J Yesudas’ മത്സരത്തിലെ വിജയിയായിരുന്നു.
ടെസ്സ സൂസൻ ജോൺ എന്ന 15 കാരി യുകെയിലെ കൌമാര ഗായകരിൽ ഏറെ പ്രശസ്തയാണ്. കർണാട്ടിക് സംഗീതത്തോടൊപ്പം വെസ്റ്റേൺ മ്യൂസിക്കും വയലിനും വീണയും പരിശീലിക്കുന്ന ടെസ്സ 2015 മുതൽ യുക്മ കലാമേളകളിലെ ഒരു സ്ഥിരം വിജയിയാണ്.
K S ചിത്ര, M G ശ്രീകുമാർ, ശരത്, G വേണുഗോപാൽ തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം വേദികൾ പങ്കിട്ടിട്ടുള്ള ടെസ്സ ഇരുപത്തഞ്ചിലധികം ആൽബം സോങ്ങുകൾ പാടിയിട്ടുണ്ട്. യുകെയിലെ കേംബ്രിഡ്ജിൽ നിന്നുള്ള ഈ കൊച്ച് ഗായിക നിരവധി ഓൺലൈൻ സംഗീത മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.
സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയും, റീജിയണൽ സമിതികളും, അംഗ അസ്സോസ്സിയേഷനുകളും കോവിഡ് ലോക്ഡൌൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.
യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ: എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററും, യുക്മ സാംസ്കാരികവേദി കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യു കെ പ്രോഗ്രാം ഓർഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്,
യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.
അംഗ അസ്സോസ്സിയേഷനുകളിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 19 വരെ സംഘടിപ്പിച്ചിരുന്നതിനാലാണ് യുക്മ – മലയാള മനോരമ “ഓണവസന്തം 2021” സെപ്റ്റംബർ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.
“യുക്മ – മലയാള മനോരമ ഓണ വസന്തം 2021” പരിപാടിയിൽ പങ്കെടുത്ത് യുക്മയോടൊപ്പം ആഘോഷിക്കുവാൻ ഏവരേയും യുക്മ ദേശീയ സമിതി ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല