![](http://www.nrimalayalee.com/wp-content/uploads/2020/07/UUKMA-Pay-Hike-Nurses-NHS.jpg)
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് യു കെ യിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനയില്‍ നേഴ്‌സിംഗ് ജീവനക്കാരെ പാടെ അവഗണിച്ചതില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ആതുര ശുശ്രൂഷാ രംഗവും യു.കെ പൊതുസമൂഹവും. ഒന്‍പത് ലക്ഷത്തിലധികം വരുന്ന വിവിധ പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച സര്‍ക്കാര്‍, കോവിഡ് – 19 പോരാട്ടത്തില്‍ ജീവന്‍ പോലും അവഗണിച്ച്, ഓരോ ജീവനും തിരികെപ്പിടിക്കാന്‍ പോരടിച്ച നേഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് തികച്ചും അനീതിയും അധാര്‍മ്മീകവുമെന്ന് രാജ്യം ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു.
ഡോക്ടർമാര്‍, ടീച്ചര്‍മാര്‍, സായുധ സേനാംഗങ്ങള്‍, ജയില്‍ ഉദ്യോഗസ്ഥര്‍, നാഷണല്‍ ക്രൈം ഏജന്‍സി ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഡൻ്റിസ്റ്റ്, സിവില്‍ സര്‍വന്റ്സ് തുടങ്ങിയുള്ള എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും കൊറോണാ കാലത്തെ സേവനത്തിന് അംഗീകാരമായി വേതനവര്‍ദ്ധനവ് നല്‍കുമ്പോള്‍, നേഴ്‌സുമാര്‍ക്കും ഇതര പാരാമെഡിക്കല്‍ സ്റ്റാഫുമാർ, ഹെൽത്ത് കെയർ അസിസ്റ്റൻസ്, ഒ ഡി പി, ഫിസിയോതെറാപ്പിസ്റ്റ്, ഐ റ്റി യു ടെക്നിഷൻസ് മറ്റ് ക്ലിനിക്കല്‍ ജീവനക്കാര്‍ എന്നിവർക്ക് ശമ്പള വര്‍ദ്ധനവിന് ഒരുവര്‍ഷം കൂടി കാത്തിരിക്കണം എന്നത് വളരെ വിചിത്രവും വിരോധാഭാസവും ആകുന്നു.
2000 ന് ശേഷം യു.കെയിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലേറെപ്പേര്‍ നേഴ്‌സിംഗ് മേഖലയിലൂടെയാണ് ഇവിടെത്തിയത്. അതില്‍ത്തന്നെ ഇരുപത്തഞ്ച് ശതമാനത്തോളം വീടുകളിലും രണ്ടുപേര്‍ വീതം നേഴ്‌സിംഗ് – പാരാമെഡിക്കല്‍ – ക്ലിനിക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്നു. ചുരുക്കത്തില്‍ സര്‍ക്കാര്‍ അവഗണിച്ചിരിക്കുന്ന ഈ വിഭാഗത്തിന്റെ വേതനമാണ് യു.കെ മലയാളി സമൂഹത്തിന്റെ ഏകദേശം എഴുപത് ശതമാനത്തോളം വരുന്ന വരുമാന സ്രോതസ്സ്.
ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ വേതനവര്‍ദ്ധനവിലെ അധാര്‍മ്മീകത പരിഹരിച്ചുകൊണ്ട് മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കൊപ്പം, എത്രയുംവേഗം നേഴ്‌സിംഗ് ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ കമ്മറ്റി മുന്നിട്ടിറങ്ങുകയാണെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി അംഗ അസോസിയേഷനുകള്‍ വഴി പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പരമാവധി നിവേദനങ്ങള്‍ അയക്കുകയാണ് ആദ്യപടി. എം പി മാര്‍ക്ക് നല്‍കേണ്ടുന്ന നിവേദനത്തിന്റെ മാതൃക യുക്മ ദേശീയ കമ്മറ്റി അംഗ അസ്സോസിയേഷനുകള്‍ക്ക് അയച്ചു നല്‍കും. യുക്മ നഴ്സസ് ഫോറം ചുമതലയുള്ള ജോ. സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീന സജീവ്, യു.എന്‍.എഫ് പ്രസിഡന്റ് സിന്ധു ഉണ്ണി എന്നിവര്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എം പി മാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ പറഞ്ഞു.
രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍, ജീവന്‍ പോലും പണയപ്പെടുത്തി പോരാട്ടത്തിനിറങ്ങിയിരിക്കുന്ന നേഴ്‌സിംഗ് മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും നീതി ലഭിക്കുവാന്‍ യുക്മ തുടങ്ങി വച്ചിരിക്കുന്ന ക്യാമ്പയ്‌നുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മനോജ്കുമാര്‍ പിള്ള : 07960357679
അലക്സ് വര്‍ഗ്ഗീസ് : 07985641921
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല