അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപയായിരുന്ന എലിസബത്ത് രാജ്ഞിയ്ക്ക് യുക്മ ദേശീയ നേതൃത്വം ലണ്ടനിൽ ആദരാഞ്ജലികൾ അർപ്പിച്ചു. എഴുപത് വർഷത്തിലധികമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞി സെപ്‌റ്റംബർ 8 വ്യാഴാഴ്ചയാണ് 96-ാമത്തെ വയസ്സിൽ അന്തരിച്ചത്.
ഏഴ് പതിറ്റാണ്ടിലധികമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരവുകൾ അർപ്പിക്കുവാനായി യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുക്മ ദേശീയ സമിതിയംഗങ്ങൾ ബക്കിംങ്ങ്ഹാം പാലസിലെത്തി പുഷ്പചക്രം സമർപ്പിച്ചു. രാജ്ഞിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പ്രത്യേകം ഡിസൈൻ ചെയ്ത് തയ്യാറാക്കിയ അതിമനോഹരമായ പുഷ്പചക്രമാണ് യുക്മ നേതാക്കൾ സമർപ്പിച്ചത്. യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവരോടൊപ്പം യുക്‌മ ദേശീയ നേതാക്കളായ ലീനുമോൾ ചാക്കോ, സ്മിത തോട്ടം, അബ്രാഹം പൊന്നും പുരയിടം, അഡ്വ. എബി സെബാസ്റ്റ്യൻ, അഡ്വ. ജാക്സൺ തോമസ്, അബ്രാഹം ലൂക്കോസ്, സലീന സജീവ്, സുനിൽ ജോർജ്ജ്, സനോജ് ജോസ്, മഞ്ചു ടോം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയത്.
ദീർഘകാലമായി ബ്രിട്ടനെ നയിച്ചിരുന്ന എലിസബത്ത് രാജ്ഞിക്ക് സമുചിതമായ അന്ത്യാഞ്ജലികൾ അർപ്പിക്കണമെന്നുള്ള യുക്മ ദേശീയ സമിതിയുടെ നിർദ്ദേശമനുസരിച്ചാണ് യുക്‌മ നേതൃത്വം പുഷ്പചക്രം സമർപ്പിച്ചത്. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയ രാജ്ഞിക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കുവാനായി ഓരോ മണിക്കൂറിലും ലണ്ടനിലേക്ക് ഒഴുകിയെത്തുന്നത്. വീൽ ചെയർ ഉപയോഗിക്കുന്നവരും കൈക്കുഞ്ഞുങ്ങളെ എടുത്തിട്ടുള്ള മാതാപിതാക്കളും ഉൾപ്പടെ പതിനായിരങ്ങളാണ് രാജ്ഞിയുടെ മൃതദേഹപേടകം കാണുവാൻ 10 മണിക്കൂറിലേറെ ക്യൂ നിൽക്കുന്നത്.
രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടും ബ്രിട്ടീഷ് ജനതയോടും യുക്മ കുടുംബത്തിന്റെ ആദരാഞ്ജലികൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല