ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ യുക്മക്കായി പ്രത്യേകമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ കേരള ധനകാര്യ മന്ത്രി കെ എം മാണി യുക്മ പ്രതിനിധികളുമായി ഒന്നര മണിക്കൂര്‍ സമയം ചിലവിടുകയും കേരളത്തിന്റെ വികസന പദ്ധതികളെപ്പറ്റി സംസാരിക്കുകയും ചെയ്തു. തിരക്കിട്ട ഔദ്യോഗിക പരിപാടികള്‍ മൂലം മറ്റു പൊതു പരിപാടികള്‍ ഒഴിവാക്കിയിരുന്ന മാണി സാര്‍ യു കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ യുടെ നാഷണല്‍ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാണി സാര്‍ തികഞ്ഞ സന്തോഷത്തോടെ സമയം അനുവദിക്കുകയായിരുന്നു.
ഓക്സ്ഫോര്‍ഡ് മലയാളി സമാജം ഭാരവാഹികളും പ്രവര്‍ത്തകരും യുക്മ വൈസ് പ്രേസിഡന്റുമാരായ ടിറ്റോ തോമസ്, ബീന സെന്‍സ് എന്നിവരും മുന്‍ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസും ചേര്‍ന്ന് മാണി സാറിനു സ്വീകരണം നല്‍കുകയും കേരളത്തിന്റെ സമഗ്ര വികസന കാര്യങ്ങളെ കുറിച്ച് ഉള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. എമെര്‍ജിംഗ് കേരള പ്രൊജക്റ്റ്, മെട്രോ റെയില്‍വേ, കാരുണ്യ ലോട്ടറി എന്നിവയെക്കുറിച്ചെല്ലാം ഉള്ള സംശയങ്ങള്‍ക്ക് മാണി സാര്‍ വ്യക്തമായ മറുപടികള്‍ നല്‍കുകയും കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രവാസികളുടെ സംഭാവന ബ്രുഹത്താണ് എന്ന് എടുത്തു പറയുകയും ചെയ്തു.
ചോദ്യോത്തര വേളയില്‍ ലണ്ടനിലെ ഇന്ത്യന്‍ എബസ്സിയിലും ബെര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കൊണ്സുലേട്ടിലും അപേക്ഷകര്‍ അനുഭവിക്കുന്ന ദുരവസ്ഥ മാണി സാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അതിനു ഒരറുതി വരുത്തണമെന്ന് ആവശ്യപ്പെട്ടു. യുക്മ പ്രസിടന്റ്റ് വിജി കെ പി യും സെക്രട്ടറി ബാലസജീവ് കുമാറും ചേര്‍ന്ന് തയ്യാറാക്കിയ നിവേദനം മുന്‍ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ് സദസ്സില്‍ വായിക്കുകയും വൈസ് പ്രസിഡന്റുമാരായ ബീന സെന്‍സും, ടിറ്റോ തോമസും ചേര്‍ന്ന് മാണി സാറിന് സമര്‍പ്പിക്കുകയും ചെയ്തു. മലയാളികളായ അപേക്ഷകര്‍ക്ക് നേരിടേണ്ടി വരുന്ന നീതിനിഷേധവും തൊഴില്‍ മായതക്ക് നിരക്കാത്ത നിരുത്തരവാദ പരമായ സമീപനവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന നിവേദനത്തിന്റെ പ്രസക്തഭാഗം താഴെ കൊടുക്കുന്നു.
പാസ്പോര്‍ട്ട് പുതുക്കലിനും സമര്‍പ്പിക്കലിനും ഓ സി ഐ കാര്‍ഡ് എടുക്കുന്നതിനും എന്തിനു, വെറും അറ്റസ്റ്റേഷന് പോലും എത്തുന്ന മലയാളികളോട് ഉത്തരേന്ത്യന്‍ ലോബി കാട്ടുന്ന ചിറ്റമ്മനയം അസഹനീയമാണ് മതേതര ഭാരതത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമാണ്. അതുകൊണ്ടുതന്നെ, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ആനുപാതികമായി മലയാളി ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ എടുത്തു പറയേണ്ടതാണ്.
1. ഒന്നാമതായി, മലയാളികളായ ഉപഭോക്താക്കള്‍ക്ക് പ്രതിപുരുഷാലയത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വരുന്ന പക്ഷാഭേദപരവും നിരുത്തരവാദപരവും തൊഴില്മാന്യതയ്ക്ക് നിരക്കാത്തതുമായ നീതിനിഷേധം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അടിയന്തിര ശ്രദ്ധയില്‍ പെടുത്തുകയും ഈ ദുരിതത്തിനു അറുതി വരുത്തുവാന്‍ ശ്രീ. ജോസ് കെ മാണിയടക്കമുള്ള കേരള എം പി മാരു വഴി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെയ്യുകയും വേണം.
2. രണ്ടാമതായി, ഹൈക്കമ്മീഷനിലെ സേവനങ്ങളുടെ കാലതാമസമാണ്. പ്രത്യേകിച്ച്, ഓ സി ഐ കാര്ഡിനപേക്ഷിച്ചാല് ഉണ്ടാകുന്ന മൂന്നു മുതല്‍ ആറുമാസം വരെയുള്ള കാലതാമസം പലപ്പോഴും വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അടിയന്തിരമായി ഈ കാലവിളംബം ഒഴിവാക്കാനുള്ള സംവിധാനം സംജാതമാക്കണം. ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവാദപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്ന് സാധിച്ചെടുക്കുവാന്‍ കേരള എംപി മാരുടെയും സേവനം ഉപയോഗപ്പെത്തുക.
3. മൂന്നാമതായി, ഹൈക്കമ്മീഷനിലെ സേവനങ്ങള്‍ക്കുള്ള ഫീസീടാക്കുന്ന രീതിയെ സംബന്ധിച്ചാണ് പരാതിപ്പെടുവാനുള്ളത്. എല്ലാ സേവനങ്ങള്‍ക്കും പണമായല്ലെങ്കില് പോസ്റല്‍ ഓര്‍ഡര്‍ മുഖേന ഫീസീടാക്കുന്ന രീതി മൂലം ഫീസിനു പുറമേ പന്ത്രണ്ടു പൌണ്ട് വരെ വീതമുള്ള നിര്‍ബന്ധിത മേല്ച്ചിലവ് അപേക്ഷാര്ഥികള്ക്കുണ്ടാക്കുന്നു. ഏറിയാല്‍ ഒരു പൌണ്ടിന്റെ അധികച്ചിലവില്‍ ഡബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലൂടെ ആവശ്യമായ പണമടക്കാമെന്നിരിക്കെ, മുന്‍കൂര്‍ തപാലാപ്പീസില്‍ പോയി കൃത്യതുകയ്ക്കുള്ള പോസ്റ്റല്‍ ഓര്‍ഡര്‍ വാങ്ങി സൂക്ഷിക്കേണ്ടി വരുന്ന പുരാതന രീതിയുടെ അനാവശ്യഭാരം ഒഴിവാക്കപ്പെടേണ്ടത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഹൈക്കമ്മീഷനിലും കോണ്‍സുലേറ്റിലും നടത്തുക.
4. നാലാമതായി, ഏതാണ്ട് 1,50,000 ത്തില്‍ അധികം മലയാളികള്‍ ഇവിടെ താമസിക്കുന്നവരായുണ്ടായിട്ടും, പുറമേ സന്ദര്‍ശകരായും വിദ്യാര്‍ഥികളായും എത്തുന്ന സഹസ്രങ്ങള്‍ക്കും സഹായമായി വര്‍ത്തിക്കേണ്ട പ്രതിപുരുഷാലയത്തിന്റെ ഇരുശാഖകളിലും കുറഞ്ഞപക്ഷം ഓരോ മലയാളി കോണ്‍സല്‍മാരെ വീതമെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ സ്ഥിരമായി നിയമിക്കുക.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതിനു എത്രയും വേഗം ശ്രമിക്കും എന്നു ഉറപ്പു നല്കി യുക്മയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാണി സാര്‍ ഭാവുകങ്ങള്‍ ആശംസിച്ചു.
അലക്സ് വര്‍ഗീസ് – UUKMA pro
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല