സജീഷ് ടോം: നവംബര്‍ 5 ന് കവന്‍ട്രിയില്‍ നടക്കുന്ന ഏഴാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. രാജ്യത്താകമാനമുള്ള യുക്മയില്‍ അംഗത്വമുള്ള അസോസിയേഷനുകളിലെ കലാകാരന്മാരും കലാകാരികളും തീവ്രമായ തയ്യാറെടുപ്പുകള്‍ തുടരുകയാണ്. നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായുള്ള ആവേശകരമായ റീജിയണല്‍ കലാമേളകള്‍ തുടങ്ങിക്കഴിഞ്ഞു.
യുക്മ ദേശീയ കമ്മറ്റി നാഷണല്‍ കലാമേളയിലേക്ക് പരസ്യദാദാക്കളെയും കാറ്ററിംഗിനുള്ള ടെണ്ടറുകളും ക്ഷണിക്കുന്നു. വിവിധ വേദികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും, പരസ്യ സ്റ്റാളുകള്‍ ഇടുന്നതിനും, കലാമേള നഗറില്‍ ബാനറുകള്‍ സ്ഥാപിക്കുന്നതിനും സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. കലാമേള നഗറില്‍ ഭക്ഷണശാലകള്‍ ക്രമീകരിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കും ടെന്‍ഡറുകള്‍ സമര്‍പ്പിക്കാവുന്നതാണ്. പുറത്തു കാറ്ററിംഗ് നടത്തുന്നതിനും, ഭക്ഷണം പാകം ചെയ്തു വില്‍ക്കുന്നതിനും ആവശ്യമായ ബന്ധപ്പെട്ട ലൈസന്‍സുകള്‍ ഉള്ള കാറ്ററിംഗ് പാര്‍ട്ടികള്‍ മാത്രം ടെണ്ടറുകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഭക്ഷണം വരെ തുടര്‍ച്ചയായി നല്‍കുവാന്‍ പ്രാപ്തരായവരില്‍നിന്നുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പങ്കെടുക്കുന്നവരുടെ ആധിക്യം കണക്കിലെടുത്തു ഒന്നിലധികം ഭക്ഷണ ശാലകള്‍ ക്രമീകരിക്കുന്നതും യുക്മ ദേശീയ ഭരണസമിതിയുടെ പരിഗണനയിലുണ്ട്.
സ്‌പോണ്‍സര്‍ഷിപ്പിനുള്ള അപേക്ഷകളും കാറ്ററിംഗിനുള്ള ടെന്‍ഡറുകളും അയക്കേണ്ടുന്ന അവസാന തീയതി ഒക്ടോബര്‍ 15 ശനിയാഴ്ച ആണ്. secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അപേക്ഷകളും ടെണ്ടറുകളും അയക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു (07793452184), ജനറല്‍ സെക്രട്ടറി സജീഷ് ടോം (07706913887), കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് (07885467034) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
അയ്യായിരത്തോളം യു.കെ. മലയാളികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന, ലോക പ്രവാസി മലയാളികളുടെതന്നെ ഏറ്റവും വലിയ കലാമാമാങ്കത്തില്‍ ഭാഗഭാക്കാകുവാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുവാന്‍ യു.കെ. മലയാളികളിലെ ബിസിനസ് സംരംഭകരേയും സ്വകാര്യ കാറ്ററിംഗ് സംരംഭകരേയും യുക്മ ദേശീയ സമിതി സാദരം ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല