അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ കായികമേള 2023 ന് നനീറ്റണിലെ പ്രിംഗിൾസ് സ്റ്റേഡിയത്തിൽ കൊടിയിറങ്ങി. അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ കരുത്തരായ ഈസ്റ്റ് വെസ്റ്റ് ആൻഡ് മിഡ്ലാൻഡ്സ് റീജിയൻ 260 പോയിൻ്റ് നേടി ചാമ്പ്യൻമാരുടെ കിരീടം നിലനിർത്തി. ഫസ്റ്റ് റണ്ണറപ്പായി ഈസ്റ്റ് ആംഗ്ലിയ റീജിയനും (95 പോയിൻ്റ്) മൂന്നാം സ്ഥാനം സൗത്ത് വെസ്റ്റ് റീജിയനും (58 പോയിൻ്റ്) കരസ്ഥമാക്കി.
പ്രതികൂല കാലാവസ്ഥ കായികമേളയെ ബാധിക്കുമോ എന്ന അനിശ്ചിതങ്ങൾ നിലനിന്നിരുന്നെങ്കിലും അതിനെയൊന്നും വകവയ്ക്കാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിച്ചേർന്നത്. കായിക മേള യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്തു.
രാവിലെ ആരംഭിച്ച കായിക മത്സരങ്ങൾക്ക് മുൻ ഇൻഡ്യൻ ഇൻ്റർനാഷണൽ താരം ഇഗ്നേഷ്യസ് പെട്ടയിൽ നേതൃത്വം നൽകി. ഇടവേളകളില്ലാതെ ഒരേ സമയം ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ ആവേശത്തോടെ നടന്നു. പ്രത്യേകിച്ച് വനിതകളുടേയും കുട്ടികളുടേയും വിഭാഗങ്ങളിൽ പ്രായഭേദമെന്യേ വലിയ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്.
കോവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളായി നടത്താൻ സാധിക്കാതിരുന്ന യുക്മ കായികമേള വീണ്ടും തിരികെയെത്തിയതിൻ്റെ ആവേശത്തോടെയാണ് രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ കായികതാരങ്ങൾ കായികമേളയിൽ പങ്കെടുത്തത്. അസോസിയേഷനുകൾ തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ നിന്നുമുള്ള ലൂട്ടൻ കേരളൈറ്റ്സ് 64 പോയിൻ്റ് നേടി ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനത്തെത്തിയ അമ്മ മലയാളം മാൻസ്ഫീൽഡ് 59 പോയിൻ്റ് കരസ്ഥമാക്കി. 48 പോയിൻ്റോടെ ബർമിംങ്ങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി മൂന്നാമതെത്തി.
അത്യന്തം വാശിയേറിയ വടംവലി മത്സരത്തിൽ വെയിൽസ് റീജിയനു വേണ്ടി മത്സരിച്ച കാർഡിഫ് മലയാളി അസോസിയേഷൻ തോമസ് പുന്നമൂട്ടിൽ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. മിഡ്ലാൻഡ്സിലെ കെറ്ററിംഗ് മലയാളി അസോസിയേഷൻ ഫസ്റ്റ് റണ്ണർ അപ്പും, നോർത്ത് വെസ്റ്റിലെ ബോൾട്ടൻ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി. വൈകിട്ട് നടന്ന വർണശബളമായ മാർച്ച് പാസ്റ്റിന് യുക്മ നാഷണൽ, റീജിയണൽ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വ്യക്തിഗത ചാമ്പ്യൻപട്ടത്തിന് വേണ്ടി നടന്ന വാശിയേറിയ മത്സരം ദേശീയ കായികമേളയുടെ ആവേശം വാനോളം ഉയർത്തുന്നതായിരുന്നു. നോർത്ത് വെസ്റ്റ് റീജിയണിലെ ബോൾട്ടൻ മലയാളി അസോസിഷേനിൽ നിന്നുമുള്ള ജോഷി വർക്കി, അമ്മമലയാളം മാൻസ്ഫീൽഡിലെ ആരോൺ വിൻസെൻ്റ് എന്നിവർ സൂപ്പർ സീനിയർ വിഭാഗം ചാമ്പ്യന്മാരായി. ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിലെ ബിബിൻ ജോസ്, എഡ്മണ്ടൻ മലയാളി അസോസിയേഷനിലെ സലീനാ സജീവ് എന്നിവർ സീനിയർ അഡൽട്ട് വിഭാഗത്തിലും, കവൻട്രി കേരളാ കമ്യൂണിറ്റിയിലെ ആകാശ് ഉപേന്ദ്രൻ, അമ്മമലയാളം മാൻസ്ഫീൽഡിലെ മെർലിൻ ടിനോ എന്നിവർ അഡൽട്ട് വിഭാഗത്തിലും ചാമ്പ്യന്മാരായി.
സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷനിൽ നിന്നുമുള്ള ബെനിറ്റോ എബ്രഹാം, ലൂട്ടൻ കേരളൈറ്റ്സിലെ മീനാക്ഷി രാജേഷ് എന്നിവരാണ് സീനിയർ വിഭാഗം ചാമ്പ്യന്മാർ. ജൂനിയർ വിഭാഗത്തിൽ അമ്മമലയാളം മാൻസ്ഫീൽഡിലെ ധ്യാൻ കൃഷ്ണ, സ്റ്റാഫോർഡ്ഷെയർ മലയാളി അസോസിയേഷനിലെ അനീഷാ വിനു, സബ് ജൂനിയർ വിഭാഗത്തിൽ ബർമിംങ്ങ്ഹാം മലയാളി കമ്യൂണിറ്റിയിലെ അഷിൻ ഷിജു, സ്കൻതോർപ്പ് മലയാളി അസോസിയേഷനിലെ ഹെതൽ സ്റ്റാനി , കിഡ്സ് വിഭാഗത്തിൽ അമ്മ മലയാളം മാൻസ്ഫീൽഡിലെ ആരോൺ വിൻസൻറ്, നൻമ നനീറ്റണിലെ ദിവ്യ ലിജു എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
യുക്മ സൗത്ത് ഈസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും യുക്മ സഹയാത്രികനുമായ ജോസ്.പി.എം ൻ്റെ സ്ഥാപനമായ “ജെ എം പി സോഫ്റ്റ് വെയർ” ആണ് യുക്മ ദേശീയ കായിക മേളക്ക് വേണ്ടി രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങൾ നിർവ്വഹിച്ചത്.
ബൈജു തോമസിൻ്റെ നേതൃത്വത്തിൽ ദേവലാൽ സഹദേവൻ, ഋഷികേശ് ബിജു, പീറ്റർ ജോസഫ്, ജോബി പുതുകുളങ്ങര തുടങ്ങിയവരായിരുന്നു ഓഫീസ് നിർവ്വഹണത്തിന് ചുക്കാൻ പിടിച്ചത്. ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണുകൾക്കൊപ്പം വെയിൽസ് റീജിയണിൽ നിന്നും കായിക താരങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. ജിനോ സെബാസ്റ്റ്യൻ്റെ ലൈവ് അനൗൺസ്മെൻ്റ് പ്രത്യേകം ശ്രദ്ധ നേടി. ജിനോയെ ദേശീയ സമിതി ഉപഹാരം നൽകി ആദരിച്ചു.
വളരെ അടുക്കും ചിട്ടയോടും കൂടി മത്സരങ്ങൾ സംഘടിപ്പിച്ചത് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ പീറ്റർ താണോലിൽ, സ്മിതാ തോട്ടം സെലീനാ സജീവ്, ഡിക്‌സ് ജോർജ്, ഷിജോ വർഗീസ്, ലീനുമോൾ ചാക്കോ, ടിറ്റോ തോമസ്, ജയകുമാർ നായർ, അഡ്വ. ജാക്സൺ തോമസ്, ബിജു പീറ്റർ, അമ്പിളി സെബാസ്റ്റ്യൻ, സുരേന്ദ്രൻ ആരക്കോട്, ജോർജ് തോമസ്, സണ്ണിമോൻ മത്തായി, ജോബിൻ ജോർജ്, അലോഷ്യസ് ഗബ്രിയേൽ, മനോജ് രവീന്ദ്രൻ, ഭുവനേഷ് പീതാംബരൻ, സെൻസ് ജോസ്, സജീവ് സെബാസ്റ്റ്യൻ, രാജീവ് ജോൺ, ബിൻസ് ജോർജ്, അജിത് നായർ, റോബി ജോർജ്, മനു ഫ്രാൻസീസ്, മെൽവിൻ ടോം, നിഷാദ് ടി.എം, പോളി പാലമറ്റം, പ്രവീൺ ബെൻ ജോസ്, ഷിജി ചാക്കോ, ജോബി സിറിയക്, ബിനു മുപ്രാപ്പിള്ളി, ഫിലിപ്പ് എന്നിവരടങ്ങുന്ന ടീമാണ്. യുക്മ ദേശീയകായികമേള വൻവിജയമാക്കുന്നതിന് പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും യുക്മ ദേശീയ നിർവാഹക സമിതി നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല