പ്രിയ എഡിറ്റര്‍
സൌത്തെന്‍റ് മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടു നടക്കുന്ന വണ്ടിച്ചെക്ക് വിവാദത്തില്‍ യുക്മ നേതാക്കളുടെ മൌനം ഒരു കുറ്റസമ്മതമായി കണക്കാക്കിയാണ് ഈ കത്തെഴുതുന്നത്. യുക്മയുടെ അവതരണഗാനം മുതല്‍ ഇതു വരെയുള്ള പ്രവര്‍ത്തനത്തില്‍ വളരെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അനുഗ്രഹീത കലാകാരന്‍ നേതൃത്വം നല്‍കുന്ന പ്രസ്തുത അസോസിയേഷനോട് ഇത്രയും തരം താണ രീതിയില്‍ പെരുമാറാന്‍ ഇവര്‍ക്ക് കഴിയുമെങ്കില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ മറ്റുള്ളവരോട് എന്തായിരിക്കും ഇവരുടെ നിലപാട് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
യു കെ യിലെ മലയാളികള്‍ വളരെ പ്രതീക്ഷയോടു കൂടി വളര്‍ത്തിക്കൊണ്ടു വന്ന ഈ പ്രസ്ഥാനം ചില വ്യക്തികളുടെ പേരിനും പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കുന്നത് കാണുമ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നല്ലവരായ കുറച്ചുപേര്‍ എത്ര മാത്രം വേദനിക്കുന്നുണ്ടാവും. കലാമേള മാത്രം നടത്തുവാനുള്ള ഒരു സംഘടന എന്ന പേര്‍ ഇതിനകം നേടിക്കഴിഞ്ഞ യുക്മ ആ പരിപാടി പോലും നല്ല രീതിയില്‍ നടത്തുവാന്‍ കഴിവില്ല എന്നുകൂടി തെളിയിച്ചിരിക്കുന്നു. ഓണത്തിനും ക്രിസ്മസിനും കോട്ടിട്ട ചേട്ടന്മാരെ വാടകയ്ക്ക് കൊടുക്കുവാന്‍ മാത്രമായി നമുക്ക് ഇവിടെ ഒരു പ്രസ്ഥാനം വേണോയെന്ന ചോദ്യം ചോദിയ്ക്കാന്‍ സമയമായിരിക്കുന്നു.
ഈ ഒരെഴുത്ത് കണ്ടിട്ട് നാണംകെട്ടു ഇട്ടു പോകുന്നവരല്ല തലപ്പത്തിരിക്കുന്നവര്‍ എന്നറിഞ്ഞുകൊണ്ടുതന്നെ ആ സാഹസത്തിന്നു മുതിരുന്നില്ല. പകരം ഇതിനു തുടക്കമിട്ടവരോട് ഒരു അപേക്ഷയുണ്ട്. മറ്റു രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ക്ക് മുന്നില്‍ തലയുയര്‍ത്തിനില്ക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നമുക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുവാന്‍ പാടില്ല. യു കെ യിലെ പ്രബുദ്ധരായ ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. അതിനു വേണ്ടി ഒരു സംവാദത്തിനു തുടക്കം കുറിച്ചാല്‍ നന്നായിരിക്കും. ആരെങ്കിലും അതിനു മുതിരുമെന്ന പ്രതീക്ഷയില്‍ ….
സാജു ജൊസഫ്
സെക്രട്ടറി
വോക്കിംഗ് മലയാളി കല്ച്ചരല്‍ അസോസിയേഷന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല