1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2020

ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “ഉയിർ” ൻ്റെ ലൈവ് കൗൺസിലിംഗ് ഇന്ന് ബുധൻ (26/8/20) വൈകുന്നേരം 7 PM മുതൽ യുക്മ പേജിലൂടെ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 2 ആഴ്ചകളിലായി വളരെയധികം പേർ തങ്ങളുടെ ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം നേടിയെന്നത് വലിയ കാര്യമായി യുക്മമ ചാരിറ്റി ഫൗണ്ടേഷൻ വിലയിരുത്തുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ദൻ ഡോ ചെറിയാൻ സെബാസ്റ്റ്യൻ മുൻകൂട്ടി അറിയിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കുന്നതാണ്. കൂടാതെ വൈകിട്ട് 7 മുതൽ 8 വരെയുള്ള സമയത്ത് ഡോക്ടറെ നേരിട്ട് വിളിച്ച് ഉപദേശം തേടാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

“സർക്കാർ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു വീട്ടിലെത്തിയ ഗൃഹനാഥൻ താൻ വളർത്തിയിരുന്ന പക്ഷികളുടെ കൂടുകൾ തുറന്ന് അവയെ പറത്തിവിട്ടു” മുഖപുസ്തകത്തിൽ ആരോ എഴുതിയ ഒറ്റ വാചകത്തിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കഥ നമ്മെ ചിന്തകളുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകും. വിശാലമായ ലോകത്ത് സ്വാതന്ത്ര്യത്തോടെ നടന്നപ്പോൾ കൂട്ടിലടക്കപെട്ട കിളികളുടെ വേദന നമ്മൾ മനസ്സിലാക്കിയില്ല. നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ്-19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കിൽ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോയപ്പോൾ, പ്രത്യേകിച്ച് ഷീൽഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോൾ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെ പലവിധത്തിൽ വീർപ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളിൽ പോകാൻ കഴിയാത്ത വിധത്തിലുള്ള വിലക്കും, വിവാഹ വാർഷീകം ജന്മദിനം മുതലായ ആഘോഷങ്ങൾ നടത്തുവാൻ സാധിക്കാതെ വരുന്നതും അസോസിയേഷനുകൾ നടത്തിവന്നിരുന്ന കായിക കലാ സാംസ്കാരിക പരിപാടികൾ ഇല്ലാതായതും വിനോദങ്ങൾക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടിൽ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തിൽ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ, യു കെ മലയാളികൾക്ക് മാനസീകാരോഗ്യത്തിൽ കൈത്താങ്ങായിക്കൊണ്ട് “ഉയിർ” എന്നപേരിൽ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വർദ്ധിപ്പിക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിൽനിന്നാണ് “ഉയിർ” എന്ന പേരിന് രൂപം നൽകിയിരിക്കുന്നത് (Uplift Your Inner Resilience – UYIR).

കൊറോണ ഉയർത്തിയിരിക്കുന്ന മാനസീക പ്രശ്നങ്ങൾ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികൾ ഉയർത്തുന്നുണ്ട്‌ എന്ന തിരിച്ചറിവിൽ, മാനസികാരോഗ്യ രംഗങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളിൽ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടൽ തീർച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കൽ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാൻ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തിൽ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

“ഉയിർ” ൻ്റെ ലൈവ് കൗൺസിലിംഗ് ഇന്ന് ബുധനാഴ്ച (26/8/20) വൈകുന്നേരം 7 PM ന് യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എൻഎച്ച്എസ് ട്രസ്റ്റിൽ സൈക്കാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ചെറിയാൻ സെബാസ്റ്റിയൻ ആണ് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്. വ്യക്തി സ്വകാര്യതയുടെ ഭാഗമായി, വ്യക്‌തികളുടെ പേരോ മറ്റു വിശദാംശങ്ങളോ ഇതിനായുള്ള അപേക്ഷയിൽ ആവശ്യപ്പെടുന്നില്ല. “ഉയിർ” ലൈവ് കൗൺസിലിംഗിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്. കൂടാതെ ഡോക്ടറോട് നേരിട്ട് ഫോണിൽ സംസാരിച്ച് ഉപദേശം തേടാനുള്ള അവസരവും ഉണ്ടായിരിിക്കുന്നതാണ്. ലൈവ് പരിപാടി നടന്നതിന് ശേഷം 8 മണി വരെയുള്ള സമയം 07860476432 എന്ന നമ്പറിൽ ഡോക്ടറെ വിളിക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSdxtkf86leN4Fn4cSFuqyNpA7sY2U1WLgV2z44v2qXfBD-1qA/viewform

ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുന്ന “ഉയിർ” ന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ കമ്മറ്റിക്ക്‌ വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ആശംസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.