1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2018

എബി സെബാസ്റ്റ്യന്‍ (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍): യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ യു.കെയില്‍ നടത്തപ്പെടുന്ന രണ്ടാമത് വള്ളംകളിയും കാര്‍ണിവലുമായ ‘കേരളാ പൂരം 2018’ ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര ടൂറിസം മന്ത്രി ശ്രീ. അല്‍ഫോന്‍സ് കണ്ണന്താനം. ജര്‍മ്മനിയിലെ ബര്‍ലിനിലെത്തി കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, എബ്രാഹം പൊന്നുംപുരയിടം എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ലോകത്തിയെ ഏറ്റവും വലിയ ടൂറിസം മേളയായ ഐടിബി ബര്‍ലിനില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കി എത്തിയതായിരുന്നു ശ്രീ. അല്‍ഫോന്‍സ് കണ്ണന്താനം. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടതനുസരിച്ചാണ് കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി ലഭിച്ചത്. ഇതനുസരിച്ച് ജര്‍മ്മനിയിലെത്തിയ യുക്മ നേതാക്കളെ മേള നടക്കുന്ന മെസ്സെ ബര്‍ലിനിലെ ഇന്ത്യാ ടൂറിസത്തിന്റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പവിലിയനിലാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം നടന്ന വള്ളംകളിയുടേയും കാര്‍ണ്ണിവലിന്റെയും സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കൈമാറി. റിപ്പോര്‍ട്ട് വായിച്ച് വിലയിരുത്തിയതിനു ശേഷം ഇന്ത്യയുടേയും പ്രത്യേകിച്ച് കേരളത്തിന്റെയും സാംസ്‌ക്കാരികകലാകായിക പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ യൂറോപ്പില്‍ ഏറ്റവും വിജയകരമായ രീതിയില്‍ നടപ്പിലാക്കുന്നതിന് അദ്ദേഹം യുക്മയെ പ്രശംസിച്ചു.

തുടര്‍ന്ന് കേരളാ പൂരം 2018ല്‍ വിശിഷ്ടാതിത്ഥിയായി പങ്കെടുക്കുന്നതിന് ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് യുക്മ പ്രസിഡണ്ട് നല്‍കി. ക്ഷണം സ്വീകരിച്ച അദ്ദേഹം തുടര്‍നടപടിക്രമങ്ങള്‍ക്ക് വേണ്ടി ഒപ്പമുണ്ടായിരുന്ന സെക്രട്ടറി പ്രശാന്ത് നായര്‍ ഐ.എ.എസിന് റിപ്പോര്‍ട്ടും ക്ഷണക്കത്തും കൈമാറി. ‘കേരളാ പൂരം 2018’ ഒരു വന്‍വിജയമായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ‘ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുമുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം യുക്മ നേതാക്കളെ അറിയിച്ചു.

2018 ജൂണ്‍ 30 ശനിയാഴ്ച്ച വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും ‘കേരളാ പൂരം 2018’ എന്ന പേരില്‍ നടത്തപ്പെടുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. 2017 നവംബര്‍ മാസം ലണ്ടനിലെ ടാജ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ ‘കേരളാ പൂരം 2018’ പരിപാടിയുടെ ലോഗോ കേരളാ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ് നു നല്‍കിയായിരുന്നു സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പ്രകാശനം ചെയ്തത്. കേരളാ ടൂറിസം ഡയറക്ടര്‍ ശ്രീ. പി. ബാലകിരണ്‍ ഐ.എ.എസ്, കെടിഡിസി മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ആര്‍ പിള്ളൈ എന്നിവരും ആ ചടങ്ങില്‍ സന്നിഹിതനായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയ്‌ക്കൊപ്പം ഇന്ത്യാടൂറിസത്തിന്റെ പിന്തുണയും കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് ഉറപ്പാക്കിയതോടെ ഈ വര്‍ഷത്തെ വള്ളംകളിയുടെ മാറ്റ് കൂടുമെന്ന് ഉറപ്പായി. യു.കെ കേന്ദ്രീകരിച്ച് ടൂറിസം ബിസ്സിനസ്സ് ചെയ്യുന്ന ഗോ വിത്ത് ഐ.പി.ആര്‍ കമ്പനി ഡയറക്ടേഴ്‌സ് ആയ ബോബി ആന്റണി, ദിലീപ് മാത്യു എന്നിവരും യുക്മ നേതാക്കള്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ സന്നിഹിതരായിരുന്നു.

2018 വള്ളംകളി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ടീമുകളുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഇമെയില്‍: secretary@uukma.org

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.