![](https://www.nrimalayalee.com/wp-content/uploads/2021/08/V-Muraleedharan-Bahrain-Visit-.jpg)
സ്വന്തം ലേഖകൻ: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്റൈനിൽ എത്തി. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ അദ്ദേഹത്തെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം.
വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധരെൻറ ആദ്യ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്റൈനിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനു പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ബഹ്റൈനും ഇന്ത്യയും തമ്മിൽ ശക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധമാണ് നിലനിൽക്കുന്നത്. ഏതാനും വർഷങ്ങൾക്കിടെ ഇൗ സഹകരണം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. കോവിഡ് കാലത്ത് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബഹ്റൈൻ സന്ദർശിച്ചിരുന്നു.
ഈ വർഷം ഏപ്രിലിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ ഇന്ത്യ സന്ദർശനവും വിജയകരമായിരുന്നു. ഇന്ത്യ-ബഹ്റൈൻ മൂന്നാമത് ഹൈ ജോയൻറ് കമീഷൻ യോഗത്തിൽ പെങ്കടുക്കാനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്.
വി. മുരളീധരെൻറ സന്ദർശനത്തെ ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. യാത്രപ്രശ്നം, കോവിഡ് പ്രതിസന്ധി തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്ര സർക്കാറിെൻറ ഇടപെടൽ കാത്തിരിക്കുകയാണ് പ്രവാസികൾ. എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസ് വർധിപ്പിക്കണമെന്ന ആവശ്യത്തിന് ചെറിയതോതിൽ പരിഹാരമായിട്ടുണ്ട്. സെപ്റ്റംബർ 15 മുതൽ പ്രതിദിന സർവിസ് ഒന്നിൽനിന്ന് രണ്ടായി ഉയർത്താനാണ് തീരുമാനം.
എന്നാൽ, കേരളത്തിൽനിന്നുള്ള വിമാന സർവിസുകളിൽ കാര്യമായ വർധന ഇല്ലാത്തത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയാണ്. ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യൻ പ്രവാസികളുടെ കുടുംബങ്ങളെയും കേന്ദ്ര സർക്കാറിെൻറ സഹായപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ഇക്കാര്യത്തിലും മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
ബഹ്റൈനിലെത്തി ദുരിതം നേരിടുന്ന ഹൗസ്മെയ്ഡുകൾക്ക് സഹായമെത്തിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യവും സാമൂഹിക പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. ഇരകളാകുന്നവർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകേണ്ട സാഹചര്യം നിലവിലുണ്ട്. ഭാഷ ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ഇക്കാര്യത്തിൽ ഇവർ അഭിമുഖീകരിക്കുന്നു. ഇൗ വിഷയത്തിൽ ഇന്ത്യൻ എംബസി മുഖേന ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല