രാഷ്ടീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ഒരു പോലെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വിഎസിന്റെ പിബി പ്രവേശനം ഒടുവില്‍ ജലരേഖ. ‘മാതാപിതാക്കളെയും ഗുരുക്കന്മാരെയും പോലെയാണ് പാര്‍ട്ടി. ചില തെറ്റുകള്‍ വരുമ്പോള്‍ അവര്‍ ശിക്ഷിക്കും.’ 2007 മെയ് 27ന് വിഎസ്സിനെയും പിണറായിയെയും പിബിയില്‍ നിന്നും സസ്പെന്റ് ചെയ്തപ്പോള്‍ വിഎസിന്റെ പ്രതികരണമതായിരുന്നു. “ഞങ്ങള്‍ രണ്ടു പേരെയും ശിക്ഷിച്ചപ്പോള്‍ പാര്‍ട്ടിയുടെ അന്തസ്സ് വര്‍ധിച്ചു” എന്ന് പിണറായിയും പറഞ്ഞു. പിണറായി പിബിയില്‍ തിരിച്ചെത്തിയിട്ട് വര്‍ഷങ്ങളായി. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ പിന്നെയും വേലിക്കു പുറത്തുതന്നെ.
പിണറായിക്കു കിട്ടിയ പരിലാളനം വിഎസ്സിന് കിട്ടിയില്ല. അതുകൊണ്ടു തന്നെ സംശയം സ്വാഭാവികം. വിഎസ്സിന് പാര്‍ട്ടി മിത്രമോ അതോ ശത്രുവോ? ദേശീയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടും വി എസ് അച്യുതാനന്ദനും തമ്മില്‍ തന്നെയാണ് ഇതിനുള്ള കരുനീക്കങ്ങള്‍ നടന്നത് എന്നതിനെ അത്ഭുതത്തോടെയാണ് രാഷ്ടീയ നിരീക്ഷകര്‍ വീക്ഷിക്കുന്നത്. പിബിയില്‍ തിരിച്ചെടുത്തിരുന്നുവെങ്കില്‍ വിഎസിനു പാര്‍ട്ടി അച്ചടക്കത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ടി വരുമായിരുന്നു.
കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന്റെ പാര്‍ട്ടി വിരുദ്ധവും പ്രത്യയശാസ്ത്രവിരുദ്ധവുമായ നടപടികള്‍ക്കെതിരെ കേന്ദ്ര നേതൃത്വത്തിനു വേണ്ടി കുന്തമുനയായി പ്രവര്‍ത്തിക്കുവാന്‍ വിഎസിനു കഴിയാതെ വരുമായിരുന്നു. സര്‍വതന്ത്ര സ്വതന്ത്രരായി കേരളത്തിലെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ വിലസുന്നത് കാരാട്ടിന്റെ അധികാരത്തിനു നേരെയുള്ള വാളായി മാറാന്‍ ഇടയുണ്ടെന്ന് മുന്‍കൂട്ടി കണ്ട കാരാട്ട് അതിനെതിരെ വിഎസുമായി ചേര്‍ന്ന് തന്ത്രം മെനയുകയായിരുന്നുവത്രെ.
പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസിനെതിരെ സംസാരിക്കുന്നതു പോലെ അഭിനയിക്കുകയും തിരശ്ശീലക്കു പിന്നില്‍ വിഎസുമായി ചേര്‍ന്ന് കരുനീക്കം നടത്തുകയും ചെയ്യുക എന്ന കാരാട്ടിയന്‍ തന്ത്രത്തിന്റെ വിജയമാണ് വിഎസിന്റെ പിബി പുനഃപ്രവേശന നിഷേധ നാടകത്തിലൂടെ കണ്ടതെന്ന് നിരീക്ഷകര്‍ കരുതുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനിടെ ചിരിക്കുന്ന മുഖവുമായി വിഎസും കാരാട്ടും പലപ്പോഴും ഇരുന്നിരുന്നത് ഇതിന്റെ തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്യം എന്തായാലും ചരിത്രത്തിലാദ്യമായി ഒരു ന്യൂനപക്ഷാംഗമായ എം.എ.ബേബിയെ പിബിയിലെടുക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് സിപിഎം. കുരിശിന്റെ വഴിയെ സഞ്ചരിച്ചാല്‍ നേടാന്‍ ഒരു പാടുണ്ടെന്ന കണ്ടെത്തലിലാണ് പാര്‍ട്ടി. യേശുവിനെ വിപ്ലവകാരിയാക്കി ചെമ്പട്ടണിയിക്കുന്ന തിരക്കിലാണ് പാര്‍ട്ടി. ഈ സമയത്ത് അരമനകളിലേക്കുള്ള വഴിയറിയുന്ന, അവിടങ്ങളിലെ ആചാരങ്ങളറിയുന്നവര്‍ ഉന്നതങ്ങളിലുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി.
പിബിയില്‍ ഇപ്പോഴുള്ള അംഗങ്ങളില്‍ സീതാറാം യെച്ചൂരി, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, കെ.വരദരാജന്‍, ബംഗാള്‍ സെക്രട്ടറി ബിമന്‍ ബസു എന്നിവര്‍ വിഎസിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍, കേരള ഘടകമൊന്നടങ്കം എതിര്‍ത്തത് ഇതിന് തടസ്സമായി.
വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷവുമായുള്ള ഏറ്റുമുട്ടലാണ് വിനയായത്. ലാവലിന്‍ കേസില്‍ പാര്‍ട്ടിയുടെ നിലപാടിനെയും തള്ളിപ്പറഞ്ഞ വിഎസ് ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനെ ആക്രമിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ വി.എസ്. അച്യുതാനന്ദനെതിരായ കുറ്റപത്രമെന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ഒരുഘട്ടത്തില്‍ വി.എസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഏഴ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് പാര്‍ട്ടിയുടെ മുഴുസമയ പ്രവര്‍ത്തകനായ അച്യുതാനന്ദന്‍ സിപിഎം രൂപീകരണത്തില്‍ മുഖ്യപങ്കു വഹിച്ച നേതാക്കളില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍. അന്നൊന്നും ജനിച്ചിട്ടു പോലുമില്ലാത്ത ഇന്നത്തെ തലമുറയാണ് വിഎസ്സിനെ ചവിട്ടിത്തേക്കാന്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ‘പൊളിറ്റ് ബ്യൂറോ അതിന്റെ അധികാരം ശരിയായ അര്‍ഥത്തില്‍ വിനിയോഗിച്ചു’ എന്ന് നാലു വര്‍ഷം മുമ്പ് പിണറായി പ്രതികരിച്ചിരുന്നു. അതുതന്നെയാവും ഇന്നും അദ്ദേഹത്തിന് പറയാനുള്ളത്. പക്ഷേ ‘അമ്മയേയും ഗുരുക്കന്മാരെയും പോലെയാണ് പാര്‍ട്ടി’ എന്ന അഭിപ്രായം തന്നെയാവുമോ ഇന്നും വി.എസ്സിന് എന്നുകേള്‍ക്കാന്‍ കാത്തിരിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല