എലിയും പൂച്ചയും കളി തുടങ്ങിവച്ചത് വിഎസ് തന്നെയായിരുന്നു. എന്നാല്‍ ആരാണ് എലി ആരാണ് പൂച്ച എന്നതിലായിരുന്നു കഴുതകളായ പൊതുജനത്തിന് സംശയം. ഇപ്പോള്‍ നടപടി, ഇപ്പോള്‍ നടപടി എന്നു പറഞ്ഞ് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വിഎസിനെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ പിന്നെ നടപടി വരട്ടെ അപ്പോള്‍ കാണാം എന്നായി വിഎസ്. കാത്ത് കാത്തിരുന്ന് നടപടി വന്നപ്പോഴോ ഒരു മാതിരി തൂക്കികൊല്ലാന്‍ വിധിച്ചവനെ ഒരു ബിരിയാണി വാങ്ങി നല്‍കി പറഞ്ഞുവിട്ടതുമാതിരി ഒരു ഉടായിപ്പ് നടപടി.
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ കോലാഹലം അല്‍പ്പമൊന്ന് ഒതുങ്ങിയ സമയം നോക്കിയാണ് സംസ്ഥാന നേതൃത്വം വിഎസിനെതിരേ നടപടി വേണമെന്ന് കേന്ദ്രകമ്മറ്റിയോട് ആവശ്യപ്പെടുന്നത്. ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. നടപടിയുണ്ടാകുമെന്ന് അഭ്യൂഹം ശക്തമായപ്പോള്‍ നടപടികളെ താന്‍ വകവെയ്ക്കില്ലെന്ന് ചങ്കൂറ്റത്തോടെ പ്രസ്താവനയുമിറക്കി കേന്ദ്രകമ്മറ്റിക്ക് പോയ വിഎസ് തെറ്റുകള്‍ ഏറ്റുപറഞ്ഞ് പരസ്യ ശാസനയും ഏറ്റുവാങ്ങി തിരികെ വന്നു. നടപടിയുണ്ടായാല്‍ വിഎസിനൊപ്പം ഇറങ്ങാന്‍ ഭാണ്ഡവും കെട്ടി കാത്തിരിക്കുന്നവരുടെ നെഞ്ചത്തടിക്കുന്ന ഏര്‍പ്പാടായി പോയി ഇത്. അപ്പോള്‍ ഒരു സംശയം. എന്താണീ കേന്ദ്ര കമ്മിറ്റിയില്‍ നടക്കുന്നത്?
വിഎസ് എന്ന പൂച്ചയ്ക്ക് മണികെട്ടാന്‍ അടുത്തെങ്ങും പിണറായി പക്ഷത്തിന് കഴിയി്‌ല്ലെന്ന വ്യക്തമായ സന്ദേശമാണ് കഴിഞ്ഞ കേന്ദ്രകമ്മറ്റിയുടെ നടപടി വ്യക്തമാക്കുന്നത്
ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശത്തോടെ കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ വിഎസിനെതിരെ കനത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രകമ്മറ്റി വിസമ്മതിച്ചതിന് കാരണവും ഇത് തന്നെ. കേന്ദ്രകമ്മിറ്റിയുടെ നടപടി പിണറായി പക്ഷത്തിന് വലിയ തിരിച്ചടിയായി – പ്രത്യേകിച്ച് കണ്ണൂര്‍ ലോബിക്ക്. കേന്ദ്രകമ്മിറ്റിയില്‍ നിന്നു പുറത്താക്കുമെന്നായിരുന്നു ശത്രുപക്ഷത്തിന്റെ കണക്കൂകൂട്ടല്‍. എന്നാല്‍ പരസ്യശാസനയിലൊതുക്കിയതോടെ അത് വിഎസിന്റെ വിജയവുമായി. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ അച്യുതാന്ദന്‍ എന്ന ശക്തിയെ നിയന്ത്രിക്കുക അസാധ്യമായികൊണ്ടിരിക്കുന്നു എന്ന സത്യത്തിന്റെ തിരിച്ചറിവിലാണ് ഔദ്യോഗികപക്ഷം.
കേരളത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മൂന്ന് കാര്യങ്ങളിലാണ് കേന്ദ്രകമ്മിറ്റി നടപടി എടുത്തത്. 1. ടിപി വധത്തില്‍ പാര്‍ട്ടിയുടെ പങ്ക് അന്വേഷിക്കുക, 2. കേരളത്തിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കുക. 3. വിഎസിന് പരസ്യശാസന. കൂടാതെ എംഎം മണിക്കെതിരേ നടപടി വേണമെന്ന നിര്‍ദ്ദേശവും കമ്മിറ്റിയിലുണ്ടായി. എന്നാല്‍ ഈ തീരുമാനങ്ങളെ ഇരുപക്ഷവും എങ്ങനെ അംഗീകരിക്കുന്നു എന്നതിലാണ് കാര്യം.
ഇരുപക്ഷത്തിന്റേയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രനേതൃത്വം ഇക്കുറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നത് വിഎസിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കുന്നു. കേന്ദ്ര കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും വിഎസിന്റെ പരസ്യശാസനയെ അംഗീകരിച്ചപ്പോള്‍ വിഎസിന്റെ മാത്രം എതിര്‍പ്പോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ചില തെറ്റുകള്‍ തനിക്് പറ്റിയിട്ടുണ്ടെന്ന് ഏറ്റുപറയാനും വിഎസ് തയ്യാറായി. പാര്‍ട്ടി സംസ്ഥാന നേതൃത്വം ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും വിഎസ് ഉന്നയിച്ച ‘പങ്ക്’ അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത് വിഎസിന്റെ രാഷ്ട്രീയ വിജയമായി. ഔദ്യോഗിക നേതൃത്വത്തെ തളയ്ക്കാന്‍ വിഎസിന് കിട്ടിയ വജ്രായുധമായിരുന്നു ടിപി വധം. അത് പരമാവധി മുതലാക്കാന്‍ വിഎസിന് കഴിയുകയും ചെയ്തു. ടിപി വധത്തിന് പിന്നില്‍ ഒരു വൈകാരിക തലം സൃഷ്ടിച്ച് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുക വഴി അദ്ദേഹം ചെയ്തത് ഔദ്യോഗിക പക്ഷത്തെ നിഷ്പ്രഭരാക്കുകയാണ്. ടിപി വധത്തോടെ കേരളത്തിലെ പാര്‍ട്ടി കനത്ത വിഭാഗീയതയിലേക്ക് നീങ്ങിയതോടെ വെട്ടിലായത് കേന്ദ്രനേതൃത്വമാണ്.
പാര്‍ട്ടിയില്‍ പിണറായി നേതാവാണങ്കിലും ജനങ്ങള്‍ക്കിടയില്‍ വിഎസ് തന്നെയാണ് താരം എന്നതാണ് വിഎസിനെതിരേ കനത്ത നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്രനേതൃത്വത്തെ പിന്നോട്ട് വലിച്ചത്.
പരസ്യമായ പ്രസ്താവനകളും നിലപാടുകളും കാരണം മറ്റ് സിപിഎം നേതാക്കള്‍ക്ക് ടിപിയുടെ വീടിന്റെ പരിസരത്ത് പോലും വരാന്‍ കഴിയാത്ത അവസ്ഥയാണ് വിഎസ് സൃഷ്ടിച്ചത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗികപക്ഷം വിഎസിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും ഗൗരവം കുറഞ്ഞ ഒരു നടപടിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കുമെന്ന് അവരും പ്രതീക്ഷിച്ചില്ല. തന്റെ നടപടികളെ പാര്‍ട്ടിക്കുളളില്‍ ആരും അംഗീകരിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടുപ്പോഴാണ് തെറ്റ് ഏറ്റുപറയാന്‍ വിഎസ് സന്നദ്ധനായത്.
പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വിഎസിനെതിരേ നടപടിയെടുക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന് കേരളത്തിന് പുറത്തുളള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പതിവുപോലെ ബംഗാള്‍ഘടകം മൊത്തം വിഎസിനെ പിന്തുണച്ചു. കേന്ദ്രകമ്മിറ്റിക്ക് മുന്‍പ് കരാട്ട് പിണറായിയുമായും വിഎസുമായും പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. നടപടിയുണ്ടാകുമെന്ന സൂചനയാണ് അവിടേയും നല്‍കിയത്. ആ സ്ഥിതിയിലാണ് കുറ്റം ഏറ്റ് പറയാന്‍ വിഎസ് തയ്യാറായതെന്ന് വേണം അനുമാനിക്കാന്‍. പാര്‍ട്ടിയില്‍ നിന്നൊരു ഇറക്കം വിഎസ് ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ നീക്കത്തിലൂടെ വെളിവാകുന്നത്. പാര്‍ട്ടിയില്‍ പരമാവധി ശക്തനാവുക. അതുവഴി പാര്‍ട്ടിയെ നിയന്ത്രിക്കുക എന്ന തന്ത്രമാണ് വിഎസ് ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
അതിനായി പാര്‍ട്ടിയെ മനപൂര്‍വ്വം പ്രതിസന്ധിയിലേക്ക് തളളിവിട്ടുകൊണ്ട് ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കുന്നതില്‍ വിഎസ് പൂര്‍ണ്ണമായും വിജയിച്ചു. കുറ്റമേറ്റ് പറഞ്ഞ് ശിക്ഷയുടെ തോത് പരമാവധി കുറച്ചതിലൂടെ അത് തന്നെയാണ് വിഎസ് അര്‍ത്ഥമാക്കുന്നതും. തന്റെ ആവശ്യങ്ങളില്‍ കുറെയൊക്കെ അംഗീകരിച്ചെന്ന് വിഎസ് പിന്നീട് പറഞ്ഞു. എന്നാല്‍ എന്തൊക്കെയാണ് ആ ആവശ്യങ്ങളെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. കേന്ദ്ര കമ്മിറ്റിയുടെ തുടര്‍ച്ചയായി ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ നടപടികള്‍ ചര്‍ച്ച ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാകും കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കുക.
ഇത് അഞ്ചാം തവണയാണ് പാര്‍ട്ടി വിഎസിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. അതത്ര സുഖകരമായ കാര്യമല്ലന്ന് പ്രകാശ് കാരാട്ട് തുറന്നു സമ്മതിക്കുകയും ചെയ്തു. വിഎസിന്റെ സമീപകാല നടപടികള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് തളളിവിടാന്‍ പോകുന്നതാണന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേന്ദ്രക്കമ്മിറ്റിയില്‍ സ്വയം വിമര്‍ശനപരമായ നിലപാടാണ് വിഎസ് സ്വീകരിച്ചതെന്നും തന്റെ ചില നടപടികള്‍ തെറ്റായിപോയെന്ന് അദ്ദേഹം ഏറ്റുപറഞ്ഞതായും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നടപടി പരസ്യശാസയിലൊതുക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. പാര്‍ട്ടിയില്‍ ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ വിഎസ് സമ്മതിച്ചതായാണ് പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞത്. അതിലെത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയണം.
വിഎസിനെ തളയ്ക്കാനാകാത്ത വിധം വളര്‍ന്നു പോയതിലാണ് ഔദ്യോഗിക പക്ഷത്തിന്റെ നിരാശ. കേരളത്തില്‍ പാര്‍ട്ടി മുഴുവന്‍ കൈപ്പിടിയിലായിട്ടും കാര്യങ്ങള്‍ കൈവിട്ട് പോകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ പിണറായിക്കും സംഘത്തിനും കഴിയുന്നുളളു. മാര്‍ക്‌സിസത്തില്‍ നിന്ന് സ്റ്റാലിനിസത്തിലേക്കുളള ഒരു വീഴ്ചയാണ് കേരളത്തിലെ സിപിഎമ്മിന് പറ്റിയ തെറ്റ്. എല്ലാം പാര്‍ട്ടി പറയുന്നത് പോലെ – പാര്‍ട്ടിയെന്നാല്‍ കണ്ണൂര്‍ ലോബി – എന്ന തീരുമാനം സാധാരണക്കാരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. സാധാരണക്കാരന്റെ പ്രതിനിധിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അച്യുതാന്ദനാകട്ടെ കിട്ടിയ തക്കം കൊണ്ട് തന്റെ സ്ഥാനം ഉറപ്പിക്കാനുളള അടവുകള്‍ പുറത്തിറക്കുകയും ചെയ്തു. ഒരു പക്ഷേ ഇതൊരു ജനറേഷന്‍ ഗ്യാപ്പാകാം. പണ്ട് പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങി വാരിക്കുന്തങ്ങള്‍ കൊണ്ട് എതിരാളികളെ നേരിട്ട ഒരു തലമുറയില്‍ നിന്ന് ബെന്‍സ് കാറില്‍ ചുറ്റിക്കറങ്ങി കോര്‍പ്പറേറ്റ് മുതലാളിമാരുമായി ചങ്ങാത്തമുണ്ടാക്കി കോടികള്‍ സമ്പാദിക്കുന്ന പുതു തലമുറയിലേക്കുളള ഒരു ദൂരമാകാം ഈ ശാസന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല