സ്വന്തം ലേഖകന്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ രണ്ടു വര്‍ഷം മുമ്പു കാണാതായ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയതായി കണ്ടെത്തി. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് യുവാവിന്റേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.യുവാവിനെ കൊന്ന കുറ്റത്തിന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ അയല്‍വാസിയേയും മകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാണാതായ വടക്കാഞ്ചേരി പാറക്കുളങ്ങര വീട്ടില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രാഘവന്‍ എഴുത്തച്ഛനും മകന്‍ രാജഗോപാലുമാണ് പൊലീസ് കസ്റ്റഡിയിലായത്. 29 വയസുള്ള ശ്രീജിത്തിനെ 2013 ജൂലൈ 26 നു രാത്രിയിലാണ് കാണാതായത്.
ശ്രീജിത്തിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് അയല്‍വാസികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇവര്‍ ചൂണ്ടിക്കാണിച്ച പ്രദേശത്ത് നിന്ന് ശരീരാവശിഷ്ടങ്ങളും കുഴിച്ചെടുത്തു.ഇത് ശ്രീജിത്തിന്റേതാണെന്ന് പ്രതികള്‍ സമ്മതിച്ചെങ്കിലും കൃത്യം നടന്നെന്ന് ഉറപ്പിക്കാനായി അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു.
കാണാതായ ദിവസം രാത്രി രാജഗോപാലിന്റെ പുരയിടത്തിലൂടെയാണ് ശ്രീജിത്ത് വീട്ടിലേക്ക് പോയത്. കാട്ടുമൃഗങ്ങളെ പിടിക്കാനായി രാജഗോപാല്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ തട്ടിവീണ് ശ്രീജിത്ത് കൊല്ലപ്പെട്ടു. തുടര്‍ന്ന് രാത്രി തന്നെ രാജഗോപാലും പിതാവും ചേര്‍ന്ന് മൃതദേഹം മഴക്കുഴിയിലിട്ട് മൂടുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം കുഴിച്ചിട്ട കാര്യം രാഘവന്‍ കഴിഞ്ഞ ദിവസം മകളുമായി ഫോണില്‍ സംസാരിക്കുന്നത് മറ്റൊരു അയല്‍വാസി കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവാഹം കഴിഞ്ഞ് ഒന്നര മാസം തികയും മുമ്പാണ് ശ്രീജിത്തിനെ കാണാതായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല