സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗത്തിലെ പരാതിക്കാരിയായ യുവതിക്കെതിരെ ആരോപണങ്ങളുമായി ഭര്‍തൃമാതാവും പിതാവും. യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരെ കേസെടുത്തു. അത്താണി ‘സില്‍ക്കി’ല്‍ ജോലി ചെയ്തിരുന്ന താന്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണത്തില്‍നിന്ന് കേബിള്‍ ടെലിവിഷന്‍ വിതരണ കമ്പനി തുടങ്ങാന്‍ മകന് നല്‍കിയ 12 ലക്ഷം രൂപ നശിപ്പിച്ചശേഷം ഇപ്പോള്‍ അവശേഷിക്കുന്ന ആറുസെന്റും വീടും അടങ്ങുന്ന സ്വത്ത് തട്ടാന്‍ ശ്രമിക്കുകയാണെന്ന് യുവതിയുടെ ഭര്‍തൃപിതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേബിള്‍ ടെലിവിഷന്‍ വിതരണ കമ്പനി നടത്തിയ വകയിലുണ്ടായ കടം വീട്ടാന്‍ തന്റെ മൂന്ന് പ്‌ളോട്ട് ഭൂമിയില്‍ രണ്ടും വിറ്റ ശേഷമാണ് ആറ് സെന്റിനുവേണ്ടി മകന്‍ ശ്രമിക്കുന്നതെന്ന് അയാള്‍ പറഞ്ഞു. മകനും മരുമകളും വീട്ടില്‍ കയറുന്നത് വിലക്കിയെന്നും ഇക്കാര്യങ്ങള്‍ കാണിച്ച് മെഡിക്കല്‍ കോളജ് പൊലീസിന് കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പരാതി നല്‍കിയിരുന്നതായും അവര്‍ പറഞ്ഞു. മകന്‍ വരുത്തുന്ന കടങ്ങളെല്ലാം തങ്ങളാണ് വീട്ടിയിരുന്നത്. ആര്‍ക്കെങ്കിലും പണം കടം കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി മകന് ഉണ്ടായിരുന്നില്ല. സ്വന്തം കുട്ടികളെപോലും സംരക്ഷിക്കുന്നില്ല. മകനും മരുമകളും കുറാഞ്ചേരിയില്‍ വാടകക്ക് താമസിക്കുകയാണെങ്കിലും കുട്ടികള്‍ തങ്ങളോടൊപ്പമാണ് കഴിയുന്നതെന്ന് അവര്‍ വെളിപ്പെടുത്തി.
മകനും മരുമകളും പണം തട്ടാന്‍ ഏതുവഴിയും സ്വീകരിക്കുന്നവരാണെന്നും മകനെതിരെത്തന്നെ മരുമകള്‍ നിരവധി കള്ളപ്പരാതികള്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വനിതാ സെല്ലിലും വടക്കാഞ്ചേരി, മെഡിക്കല്‍ കോളജ് സ്റ്റേഷനുകളിലുമാണ് നല്‍കിയത്. കുറച്ചുകഴിയുമ്പോള്‍ അത് പിന്‍വലിക്കും. രാത്രി 12 ഓടെയാണ് ഇരുവരും വീട്ടില്‍ എത്താറുള്ളത്. തുടര്‍ന്ന് പിണങ്ങി മരുമകള്‍ വീട്ടില്‍നിന്ന് ഇറങ്ങും. ഇടക്ക് വഴക്കിട്ട് തലയില്‍ മണ്ണെണ്ണയൊഴിച്ച് പേടിപ്പിക്കും. ട്രെയിനിന് മുന്നില്‍ തലവെക്കുമെന്നുപറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഇനി ഒരു കുടുംബം കൂടി നശിക്കാതിരിക്കാനാണ് കാര്യങ്ങള്‍ പരസ്യമായി പറയുന്നതെന്ന് തൃശൂര്‍ പ്രസ് ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. ആരോപണ വിധേയനായ ജയന്തനെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. അവര്‍ ഒരു കുടുംബം പോലെ ഇടപെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ആരോപണം വിശ്വസിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു. മരുമകള്‍ കുവൈത്തില്‍ പോകുന്നതിനുമുമ്പാണ് അവസാനമായി കണ്ടത്. പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റായതുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്. അനര്‍ഹമായി പണം സമ്പാദിക്കാനുള്ള മരുമകളുടെ നിഷ്ഠൂരപ്രവൃത്തികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതേസമയം പത്രസമ്മേളത്തില്‍ യുവതിയുടെ പേര് പരസ്യമാക്കിയെന്ന പരാതിയില്‍ മുന്‍ സ്പീക്കറും സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 228 (എ) പ്രകാരം കേസെടുത്തു. വനിതാ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടിയുടെയും ബി.ജെ.പി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും പരാതിയില്‍ ഡി.ജി.പിയുടെ ഉത്തരവനുസരിച്ച് തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
പീഡനാരോപണത്തിന് വിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തനെ സി.പി.എമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച കാര്യം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്‍ പരാതിക്കാരിയുടെ പേര് പറഞ്ഞത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല