സ്വന്തം ലേഖകന്‍: യുഎസ്സില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെയുള്ള വംശീയ അതിക്രമങ്ങള്‍ക്ക് എതിരെ ഇന്ത്യന്‍ വംശജയായ പൗരാവകാശ അഡ്വക്കേറ്റ് വലേരി കൗര്‍ നടത്തിയ തീപ്പൊരി പ്രസംഗം വൈറല്‍. യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറും മുന്‍പ്, ട്രംപിന്റെ വംശീയ വിദ്വേഷത്തിനെതിരെ വലേരി നടത്തിയ പ്രസംഗം 16 മില്ല്യണ്‍ പേരാണ് ഇതുവരെ കണ്ടത്. അടുത്തടുത്ത ദിവസങ്ങളില്‍ യുഎസ്സില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പ്രസംഗം വീണ്ടും ശ്രദ്ധേയമാകുകയാണ്.
സെപ്തംബര്‍ 9/11 ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരു സിഖുകാരനു വേണ്ടി വാദിക്കാന്‍ താന്‍ വക്കീലായതും വലേരി ഓര്‍ക്കുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന കൊലപാതകമാണ് വലേരിയെ ‘രാഷ്ട്രീയ ജീവി’യാക്കിയതെന്നും പ്രസംഗത്തില്‍ പറയുന്നു. ‘സിഖുകാര്‍ കൊല്ലപ്പെടുകയും, ഇരുണ്ട നിറമുള്ള ശരീരങ്ങള്‍ നിയമവിരുദ്ധമാകുകയും ചെയ്യുന്ന ലോകത്താണ് എന്റെ മകന്‍ വളരുന്നത്. അമേരിക്ക മരിച്ചിട്ടില്ലാത്ത രാജ്യമാണെന്നും ഇനി ജനിക്കാനിരിക്കുന്ന രാജ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു’, വലേരി പറയുന്നു.
ആഗോള ഭീഷണിയായി ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റത് ഭയപ്പെടുത്തിയത് പ്രവാസികളെ കൂടിയാണ്. മുസ്‌ലീങ്ങളും സ്ത്രീകളും സിഖുകാരും ഭിന്നലിംഗക്കാരും സ്വവര്‍ഗ രതിക്കാരും അഭയാര്‍ത്ഥികളും ട്രംപിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകളായിക്കൊണ്ടിരിക്കുകയാണ്.
103 വര്‍ഷങ്ങള്‍ക്കു മുമ്പ് പസഫിക് സമുദ്രം കടന്ന് അമേരിക്കയില്‍ വന്നിറങ്ങിയ മുത്തച്ഛനെ അമേരിക്കക്കാരായ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സഹോദരനായല്ല, വിദേശിയായാണ് കണ്ടത്. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചുവെന്നും വലേരി പറഞ്ഞു.
അമേരിക്കയില്‍ നടക്കുന്ന വംശീയാധിക്ഷേപ കേസുകളാണ് വലേരി കൈകാര്യം ചെയ്യുന്നത്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വലേരിയുടെ വൈകാരികമായ പ്രസംഗം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല