സ്വന്തം ലേഖകൻ: കേരളം കാത്ത് കാത്തിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് അങ്ങനെ തിരുവനന്തപുരത്തേക്ക് എത്തുന്നു. ഈ മാസം 22ന് ട്രയൽ റൺ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’യ്ക്ക് അനുസൃതമായി, 2019ലാണ് ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിൻ – വന്ദേ ഭാരത് എക്സ്പ്രസ് പുറത്തിറക്കിയത്.
ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14–ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. കേരളത്തിന് രണ്ടു വന്ദേ ഭാരത് ട്രെയിനുകൾ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകും.
16 കോച്ചുകളാകും പൂർണമായി ശീതീകരിച്ച എക്സ്പ്രസിന് ഉണ്ടാവുക. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. പരീക്ഷണ ഓട്ടങ്ങൾക്കു ശേഷമാകും സർവീസിന്‍റെ സമയക്രമം അന്തിമമാക്കുക. വൈകാതെ തന്നെ പരീക്ഷണ ഓട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും.
വേഗത
നീലയും വെള്ളയും നിറങ്ങളിലുള്ള ഈ ട്രെയിനുകൾക്ക് 160-180 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും. 52 സെക്കൻഡുകൾ കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് 100 കി.മി വേഗത കൈവരിക്കും. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് എക്‌സ്പ്രസിൽ വെറും മൂന്നു മണിക്കൂറിൽ എത്താൻ സാധിക്കും. സാധാരണ ട്രെയിൻ യാത്രയ്ക്ക് ആറു മുതൽ ഏഴ് മണിക്കൂർ വരെ സമയം എടുക്കും. കേരളത്തിൽ എക്‌സ്പ്രസ് ഏഴ് –ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുമെന്നാണ് റിപ്പോർട്ട്.
രൂപകൽപ്പന
ട്രെയിൻ കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം (കവച്), വൈഫൈ സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ അത്യാധുനിക ട്രെയിനുകൾ ‘മേക്ക് ഇൻ ഇന്ത്യ’ വിജയഗാഥകളുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണ്. എയറോഡൈനാമിക്ക് ഡിസൈനിൽ രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്.
എക്‌സ്പ്രസിന്റെ രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് ദിശ മാറ്റുന്നതിൽ സമയം നഷ്ടപ്പെടില്ല. എക്സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് ചെയറുകൾ ഉൾപ്പെടെ മികച്ച സീറ്റുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ബയോ വാക്വം ശുചിമുറികൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
മറ്റു സൗകര്യങ്ങൾ
എല്ലാ സീറ്റുകളും റിക്ലൈനറാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിങ് സീറ്റുകളുമുണ്ട്. ട്രെയിൻ ചലിക്കുന്ന ദിശയിലേക്ക് സീറ്റും തിരിക്കാം. സീറ്റുകൾക്ക് മുന്നിൽ 32 ഇഞ്ച് സ്‌ക്രീനുകളുണ്ട്. സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്. ഫയർ സെൻസർ, വൈ-ഫൈ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകൾ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങൾ.
കേരളത്തിലെ നിരക്ക് എങ്ങനെ?
കേരളത്തിലെ വന്ദേ ഭാരതിന്റെ നിരക്കിൽ അന്തിമ തീരുമാനം വന്നിട്ടില്ല. എസി ചെയർ കാറിനും എക്സിക്യൂട്ടീവ് ചെയർ കാറിനും 1000 -2000 ത്തിനുമിടയിൽ നിരക്ക് ഈടാക്കിയേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല