1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2023

സ്വന്തം ലേഖകൻ: പൂണെ ഐ.സി.എം.ആർ-നാഷണൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ട് നടത്തിയ ദേശീയ സർവേയിൽ, രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് റിപ്പോർട്ട്. വൈറോജളി ഇൻസ്റ്റിട്ട്യൂട്ടിൽ എപ്പിഡമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗാഖേദ്കർ ആണ് ഒരു ദേശീയ മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

2023 ജൂലായ് വരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടന്നു. ഇതിൽ കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളിലാണ് വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.

ഈ കണ്ടെത്തൽ പ്രകാരം രാജ്യത്ത് കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും ചെറിയരീതിയിൽ നിപ വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഡോ. ഗംഗാഖേദ്കർ പറഞ്ഞു.

നിലവിൽ കേരളത്തിൽ മനുഷ്യരെ ബാധിച്ച നിപ വൈറസ്, മുമ്പ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞത്. മലേഷ്യയിൽ കണ്ടെത്തിയ വൈകഭേദത്തെ അപേക്ഷിച്ച്, മരണനിരക്ക് കൂടുതലാണ് ഈ വൈറസ് വകഭേദം ബാധിച്ചവരിൽ.

രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തിയെ അഥവാ ഇൻഡക്സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം തിരിച്ചറിയുക, ഇൻഡക്സ് രോഗിയുമായി സമ്പർക്കമുണ്ടായവരെ മുഴുവൻ (കോൺടാക്ട് ലിസ്റ്റ്) കണ്ടെത്തുക എന്നിവയെല്ലാമാണ് പ്രധാനം.

2018-ൽ കേരളത്തിൽ നിപബാധ ഉണ്ടായപ്പോൾ ഇൻഡക്സ് രോഗി വവ്വാലുമായി നേരിട്ട് കോൺടാക്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. 2018-ലും 2019-ലും മേയ് മാസത്തിലാണ് കേരളത്തിൽ നിപബാധ റിപ്പോർട്ട് ചെയ്തത്. വവ്വാലുകൾ മാങ്ങ തിന്നാൻ വരുന്ന സമയമാണിത്. അതിനാൽ പഴവർഗങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കാനും വവ്വാൽ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും നിർദേശം നൽകി.

കേരളത്തിൽ 2021 സെപ്റ്റംബറിൽ വീണ്ടും നിപ വൈറസ് ബാധയുണ്ടായി. എന്നാൽ, കോവിഡ് സമയത്ത് ക്വാറന്റീൻ, ഐസോലേഷൻ തുടങ്ങിയ കാര്യങ്ങളിലെല്ലാം നേടിയെടുത്ത പരിചയവും ജനങ്ങൾ മാസ്‌ക് ധരിക്കുന്നതുമെല്ലാം അന്ന് നിപ കൈകാര്യം ചെയ്യാൻ തുണയായി. കേരളത്തിൽ ഇത്തരം വൈറസ് ബാധ കൈകാര്യം ചെയ്യാൻ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ആരോഗ്യസംവിധാനങ്ങളുണ്ടെന്ന് ഡോ. ഗംഗാഖേദ്കർ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്.

ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍.ഐ.വി.യുടെ മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീര്‍ണകരമാണ്. അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആര്‍. അല്ലെങ്കില്‍ റിയല്‍ ടൈം പി.സി.ആര്‍. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിണെന്നും മന്ത്രി വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.