1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2023

സ്വന്തം ലേഖകൻ: രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ക്കിടെ വിജയകരമായി ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി വന്ദേഭാരത്. തിരുവനന്തപുരത്ത് നിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കേരളത്തിൽ നിലവിലോടുന്ന വേഗമേറിയ ട്രെയിനുകളായ രാജധാനി എക്സ്പ്രസിനെക്കാളും ജനശതാബ്ദിയെക്കാളും ഒന്ന് മുതൽ രണ്ട് മണിക്കൂറോളം കുറവാണ് വന്ദേഭാരതിന്റെ റണ്ണിങ് ടൈം. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട ട്രെയിന്‍ 12.20ന് കണ്ണൂരെത്തി.

തിരുവനന്തപുരം-കൊല്ലം 50 മിനിറ്റ്

തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.10 ന് പുറപ്പെട്ട ട്രെയിന്‍ ആറ് മണിക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തി.

കൊല്ലം-കോട്ടയം 1 മണിക്കൂര്‍ 24 മിനിറ്റ്

6.04 ന് കൊല്ലത്ത് നിന്ന് യാത്ര തുടര്‍ന്ന വന്ദേഭാരത് 7.28 ന് കോട്ടയത്തെത്തി. കൊല്ലത്ത്നിന്ന് കോട്ടയത്തെത്താന്‍ ട്രെയിനിന് വേണ്ടിവന്നത് 1 മണിക്കൂര്‍ 24 മിനിറ്റ് മാത്രം.

കോട്ടയം-എറണാകുളം 58 മിനിറ്റ്

7.30ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് 8.28ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തിച്ചേര്‍ന്നു. അതായത് തിരുവനന്തപുരത്ത് നിന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലെത്താൻ മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് വന്ദേഭാരതിന് വേണ്ടിവന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തെത്താന്‍ ആലപ്പുഴ വഴിയുള്ള ജനശതാബ്ധിക്കും രാജധാനിക്കും വേണ്ടിവരുന്ന സമയത്തിന് സമാനമാണ് ഇത്. എന്നാല്‍ കോട്ടയം വഴിയുള്ള രാജ്യറാണിയെക്കാള്‍ ഒരു മണിക്കൂറും മലബാര്‍ എക്‌സ്‌പ്രസ്, വഞ്ചിനാട് എക്സ്പ്രസ് എന്നീ ട്രെയിനുകളെക്കാള്‍ രണ്ട് മണിക്കൂര്‍ നേരത്തെയാണ് വന്ദേഭാരത് എറണാകുളത്തെത്തുന്നത്.

എറണാകുളം-തൃശൂര്‍ 1 മണിക്കൂര്‍ 4 മിനിറ്റ്

8.33ന് എറണാകുളത്ത്നിന്ന് യാത്ര തുടര്‍ന്ന ട്രെയിന്‍ 9.37 തൃശൂരിലെത്തി. യാത്രാസമയം 1 മണിക്കൂര്‍ 4 മിനിറ്റ്

തൃശൂര്‍- തിരൂര്‍ 1 മണിക്കൂര്‍ 7 മിനിറ്റ്

ഒരു മിനിറ്റ് മാത്രം തൃശൂരില്‍ നിര്‍ത്തി 9.38ന് യാത്ര തുടര്‍ന്ന ട്രെയിന്‍ 10.45ന് തിരൂര്‍ റെയില്‍വേസ്റ്റേഷനിലെത്തി. ബിജെപി പ്രവര്‍ത്തകരും തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്ന് ട്രെയിനിന് സ്വീകരണമൊരുക്കി.

തിരൂര്‍- കോഴിക്കോട് 29 മിനിറ്റ്

10.48ന് തിരൂരില്‍ നിന്ന് പുറപ്പെട്ട വന്ദേഭാരത് 11.17 ന് കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്താന്‍ വേണ്ടിവന്നത് ആറ് മണിക്കൂര്‍ 7 മിനിറ്റ് മാത്രം.

കോഴിക്കോട്- കണ്ണൂര്‍

കോഴിക്കോട് നിന്ന് ഏതാണ്ട് ഒരുമണിക്കൂർ കൊണ്ടാണ് ട്രെയിൻ കണ്ണൂരെത്തിയത്. 12.20 ന് കണ്ണൂര്‍ എത്തിയതോടെ വന്ദേഭാരതിന്റെ ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് നിലവില്‍ സ്‌റ്റോപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ട്രെയിനിന്റെ ഷെഡ്യൂള്‍ റെയിൽവെ ഉടൻ പ്രഖ്യാപിക്കും. ട്രെയിൻ പുറപ്പെടുന്ന സമയം,നിരക്ക്, സ്റ്റോപ്പുകള്‍, എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. ഈ മാസം 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.