വഴിക്ക് വീതികൂട്ടാന്‍ ബാറിന്റെ ഒരു ഭാഗം പൊളിച്ച് കളയേണ്ടിവരുമെന്ന് വന്നപ്പോള്‍ ബാറിനടുത്ത് ഗണപതി അമ്പലം പണിത മുതലാളിയെക്കുറിച്ച് അല്പമെങ്കിലും കേട്ട് കാണുമല്ലോ. തിരുവനന്തപുരത്ത് വല്യ ബാര്‍ മുതലാളിയാണ് ആ പണി കാണിച്ചത്. എന്നാല്‍ വേണ്ടിവന്നാല്‍ വര്‍ഷങ്ങളോളം പ്രാര്‍ത്ഥിച്ച കുരിശുപള്ളി പൊളിച്ച് കളയാന്‍ പോലും തയ്യാറാണെന്നാണ് വണ്ടിപ്പെരിയാറിലെ വിശ്വാസികള്‍ പറയുന്നത്. സംഗതി വികസനം നാടിനുവേണ്ടിയാണ്. കുരിശുപള്ളി മാറ്റിപ്പണിതും പ്രാര്‍ത്ഥനയും വിശ്വാസവും തുടരാമെന്നാണ് അവര്‍ തീരുമാനിച്ചത്.
പാലത്തിന് വീതി കൂട്ടാന്‍ 80 വര്‍ഷം പഴക്കമുള്ള വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ദേവാലയത്തിലെ കുരിശുപള്ളിയാണ് വിശ്വാസികള്‍ പൊളിച്ച് നീക്കിയത്.
വിശുദ്ധ സെബസ്ത്യാനോസിന്റെ പേരിലുള്ള കുരിശുപള്ളിയില്‍ ആ വഴി പോകുന്നവരും നാട്ടുകാരുമായ ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. നാനാജാതി മതസ്ഥരായ ആളുകള്‍ എത്തിയിരുന്ന കുരിശുപള്ളിയില്‍ ഇന്നലെ വൈകുന്നേരം വിടവാങ്ങല്‍ ശുശ്രൂഷ നടന്നു. നൊവേനയ്ക്കുശേഷമാണ് കുരിശുപള്ളി പൊളിച്ച് മാറ്റിയത്.
ക്രെയിന്‍ ഉപയോഗിച്ചാണു പൊളിച്ചത്. അവശിഷ്ടങ്ങള്‍ വിശ്വാസികള്‍ തന്നെ നീക്കം ചെയ്തു.
നേരത്തേ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കുരിശുപള്ളി പൊളിച്ചുനീക്കാന്‍ സന്നദ്ധരാണെന്നു ദേവാലയ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിരുന്നു. 12 കോടി രൂപയാണ് പാലം നിര്‍മാണത്തിന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സമീപത്തെ എക്‌സൈസ് ഓഫിസ് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല