1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2017

 

സ്വന്തം ലേഖകന്‍: ചാനല്‍ മേധാവിയില്‍ നിന്ന് കിടക്ക പങ്കിടാന്‍ ക്ഷണം, തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് തമിഴ് യുവനടി വരലക്ഷ്മി. പ്രശസ്ത നടിക്കെതിരായ ആക്രമണത്തില്‍ മലയാള സിനിമാ ലോകം തിളച്ചു മറിയുമ്പോഴാണ് തനിക്കുണ്ടായ സമാനമായ അനുഭവം പങ്ക് വച്ച് പ്രമുഖ തമിഴ് നടിയായ വരലക്ഷ്മി ശരത്കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു തമിഴ് ചാനലിന്റെ മേധാവി തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ച സംഭവമാണ് വരലക്ഷ്മി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

”ഒരു ചാനലിന്റെ മേധാവിയുമായി അരമണിക്കൂര്‍ നേരം ഞാന്‍ കൂടിക്കാഴ്ച നടത്തി. ഒടുക്കം അയാള്‍ എന്നോടു ചോദിച്ചു എപ്പോഴാണ് പുറത്തു വച്ച് കാണാന്‍ കഴിയുക എന്ന് ? ജോലി സംബന്ധമായാണോ എന്നു ചോദിച്ചപ്പോള്‍ അല്ല മറ്റു ചില കാര്യങ്ങള്‍ക്കാണെന്ന് മറുപടി പറഞ്ഞു. ദേഷ്യം മറച്ചു വച്ച് അയാളോട് അപ്പോള്‍ തന്നെ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ” വരലക്ഷ്മി പറയുന്നു.

”ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുമ്പോള്‍ എല്ലാവരു ചോദിക്കും. സിനിമയല്ലേ ഇതൊക്കെ സാധാരണമല്ലേ എന്നൊക്കെ? ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നതൊക്കെ എന്ന്? ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവാനോ ഞാനില്ല. ” വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നതാണ് തന്റെ നിലപാടെന്നും നടി പറയുന്നു. ഇത് ചെറിയ സംഭവമല്ലേ ഇതൊന്നും ഇങ്ങനെ ഊതിവീര്‍പ്പിക്കേണ്ടതില്ലെന്നും ചിലര്‍ കരുതുന്നുണ്ടാവും. എന്നാല്‍ ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയ വരലക്ഷ്മി ‘എങ്ങനെ പെരുമാറണമെന്നും എന്തു ധരിക്കണണെന്നും എങ്ങനെ സംസാരിക്കണമെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ലിംഗം കൊണ്ട് ചിന്തിക്കേണ്ട എന്ന് ആണുങ്ങളോട് പറയുകയാണ് വേണ്ടത്. സ്ത്രീകളെ സ്വതന്ത്രയും ശക്തയും കഴിവുള്ളവും തുല്യശക്തിയുള്ള മനുഷ്യരുമായി അംഗീകരിക്കാന്‍ തുടങ്ങുകയുമാണ് വേണ്ടത്. നന്നായി പെരുമാറാന്‍ പഠിപ്പിക്കേണ്ടത് പുരുഷനെയാണ്. എല്ലാ രക്ഷിതാക്കളും വീട്ടില്‍ നിന്നുതന്നെ അത് തുടങ്ങണം,’ എന്നും ഓര്‍മ്മിപ്പിക്കുന്നു.

വലിയൊരു പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിയുമെന്നതിനാല്‍ തന്നെ അധിക്ഷേപിച്ചയാളുടെ പേരുവെളിപ്പെടുത്താന്‍ പറ്റിയ സമയം ഇതല്ലെന്നും അതുകൊണ്ടാണ് പേരു പരാമര്‍ശിക്കാത്തതെന്നും വരലക്ഷ്മി വ്യക്തമാക്കി.
അപമാനിക്കപ്പെട്ടിട്ടും പുറത്തു പറയാന്‍ ധൈര്യം കാണിക്കാത്ത എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.