കത്തോലിക്കാസഭയില്‍ നടക്കുന്ന അഴിമതിയുടെ രേഖകള്‍ പുറത്തുവിട്ട മാര്‍പ്പാപ്പയുടെ മുന്‍പാചകക്കാരനോട് വിചാരണയ്ക്ക് ഹാജരാകാന്‍ നിര്‍ദേശം. മാര്‍പ്പാപ്പയ്ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുകയും വസ്ത്രധാരണത്തില്‍ സഹായിക്കുകയും ചെയ്തിരുന്ന ഗബ്രിയേല്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് മാസത്തില്‍ അറസ്റ്റു ചെയ്ത ഇയാള്‍ക്കെതിരെ രഹസ്യസ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനികളുമായി വത്തിക്കാന്‍ നടത്തുന്ന ഇടപാടിലെ അഴിമതികള്‍ വെളിപ്പെടുത്തുന്ന രേഖകളാണ് ഗബ്രിയേല്‍ പുറത്തുവിട്ടത്. പള്ളിയ്ക്കുള്ളില്‍ അഴിമതിയാണെന്നും സഭയെ നേര്‍വഴിയ്ക്ക് നയിക്കാമെന്നു കരുതിയാണ് താന്‍ രേഖകള്‍ പുറത്തുവിട്ടതെന്നാണ് ഗബ്രിയേല്‍ പറയുന്നത്. ഇയാളുടെ വീട്ടില്‍ ന്ടത്തിയ പരിശോധനയില്‍ മാര്‍പ്പാപ്പയുടെ പേരിലുള്ള 100,000യൂറോ (6,867,215 രൂപ)യുടെ ചെക്കും സ്വര്‍ണ്ണവും കണ്ടെടുത്തിരുന്നു.
രേഖകള്‍ ചോര്‍ത്താന്‍ ഗബ്രിയേലിനെ സഹായിച്ച കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ക്ലോഡിയോ സ്‌കിയാര്‍പ്പെല്ലറ്റിക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാളോടും വിചാരണയ്ക്ക് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ആറു വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. എന്നാല്‍ വത്തിക്കാന്റെ പരമാധികാരിയായ മാര്‍പ്പാപ്പയ്ക്ക് എപ്പോള്‍ വേണമെങ്കിലും കേസില്‍ ഇടപെടാനും ഗബ്രിയേലിന് മാപ്പു നല്‍കാനും അധികാരമുണ്ടെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല