1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2022

സ്വന്തം ലേഖകൻ: വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു. സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്‌.

നേരത്തേ നല്‍കിയ നിര്‍ദേശമനുസരിച്ച് രാജിവെക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടതായും അതുപ്രകാരമാണ് മാര്‍ ആന്റണി കരിയില്‍ രാജി വെച്ചതെന്നുമാണ് വിവരം. ഏകീകൃത കുര്‍ബാന വിഷയത്തില്‍ വത്തിക്കാന്റെയും സിനഡിന്റെയും നിര്‍ദേശം പാലിക്കാതിരുന്നതിനാണ് നടപടിയെന്നാണ് സൂചന. ഭൂമിയിടപാട്, കുര്‍ബാന ഏകീകരണം തുടങ്ങി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പമായിരുന്നു ബിഷപ്പ് ആന്റണി കരിയില്‍.

സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാത്തത്. കഴിഞ്ഞ 19-ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് മാര്‍ ആന്റണി കരിയിലിന് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ലിയോപോള്‍ദോ ജിറേല്ലി കത്ത് കൈമാറിയിരുന്നു. ന്യൂണ്‍ഷ്യോയുടെ പേരില്‍ നല്‍കിയ കത്തില്‍ മാര്‍പാപ്പയുടെയും തിരുസംഘത്തിന്റെയും അനുമതിയോടെയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജിവെച്ചശേഷം അതിരൂപത പരിധിയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്ന നിബന്ധനയുമുണ്ട്.

ഇന്നത്തെ കൂടിക്കാഴ്ചയില്‍ അദ്ദേഹം വത്തിക്കാന്റെ അന്തിമ നിലപാട് ഇതാണെന്ന് വ്യക്തമാക്കുകയായിരുന്നു. സഭാപ്രതിനിധികളെയും ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം അറിയിച്ചു. എല്ലാ കാര്യങ്ങളും വത്തിക്കാന്‍ പ്രതിനിധിയെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം വരട്ടെ എന്നുമാണ് മാര്‍ കരിയിലിന്റെ നിലപാട്.

അതേസമയം, വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും കരിയിലിനെയാണ് പിന്തുണയ്ക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രാജിവെക്കേണ്ടതെന്നാണ് ഇവരുടെ നിലാപാട്. ഇന്നലെ സഭാ ആസ്ഥാനത്ത് വൈദികരും അല്‍മായരും യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുകയും ഇരുനൂറോളം വൈദികര്‍ ഒപ്പിട്ട കത്ത് മെത്രാന്മാര്‍ക്ക് അയക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.