സ്വന്തം ലേഖകന്‍: പ്രശസ്ത പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് താന്‍ പാമ്പു പിടിത്തം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഒരു മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാമ്പുകളുടെ ഉറ്റ തോഴനായ സുരേഷ് സ്വയം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
കേരളത്തിലുടനീളം ഉഗ്ര വിഷമുള്ള പാമ്പുകളെ പിടിച്ചാണ് വാവ സുരേഷ് പ്രശസ്തനായത്. ഈ അടുത്ത കാലത്തായി തനിക്കെതിരെയുണ്ടായ ദുഷ് പ്രചരണങ്ങളില്‍ മനസു മടുത്താണ് ഈ മേഖലയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സുരേഷ് പറഞ്ഞു.
നേരത്തെ ചെയ്യാം എന്ന് വാക്കു പറഞ്ഞ ചില ജോലികള്‍ കൂടി തീര്‍ത്താല്‍ പാമ്പു പിടുത്തം പൂര്‍ണമായും നിര്‍ത്തുമെന്ന് സുരേഷ് വ്യക്തമാക്കി. ഏപ്രില്‍ മാസത്തോടെ എല്ലാ പരിപാടികളും അവസാനിപ്പിക്കണം എന്നാണ് കരുതുന്നത്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ബാലരാമപുരം ഹൗസിംഗ് ബോര്‍ഡ് പരിസരത്തുനിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ പിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് സുരേഷ് പറയുന്നു. അതിനു ശേഷം വനപാലകര്‍ വിളിപ്പിച്ചതിനാല്‍ അവിടെ നിന്ന് അടിയന്തരമായി പോകേണ്ടി വന്നു.
എന്നാല്‍, ചില പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തി പാമ്പിനെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അത്യാവശ്യമായി പോകേണ്ടിവന്നതിനാല്‍ അതിനു കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം ചില പത്രങ്ങളിലെ പ്രദേശിക എഡിഷനുകളില്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കാത്തത് ചില ദുരൂഹ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെന്നും മറ്റും വാര്‍ത്ത വന്നു.
പാമ്പിന്‍ വിഷം എടുക്കാനായി പാമ്പിനെ സംഭവ സ്ഥലത്തു നിന്നും മാറ്റി എന്നായിരുന്നു വാര്‍ത്തയിലെ ആരോപണം. തീര്‍ത്തും നിരുത്തരവാദപരമായ ഇത്തരം ആരോപണങ്ങള്‍ മാനസിക വിഷമം ഉണ്ടാക്കിയെന്നും അതിനാലാണ് ഈ മേഖലയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്നും സുരേഷ് വ്യക്തമാക്കി.
ജനവാസ മേഖലകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പാമ്പിനെ ഉടനടി തല്ലിക്കൊല്ലുന്ന പതിവ് ജനം നിര്‍ത്തിയത് വാവ് സുരേഷിന്റെ വരവോടെയാണ്. സുരേഷ് പിടികൂടുന്ന പാമ്പുകളെ വനപ്രദേശത്തു വിടുകയായിരുന്നു പതിവ്. ഏതു ഉഗ്ര വിഷമുള്ള പാമ്പിനേയും ഉപദ്രവിക്കാതെ പിടികൂടുയിരുന്ന സുരേഷിന് വനപാലകരുടേയും പിന്തുണയുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല