സ്വന്തം ലേഖകന്‍: കഥാ പ്രാസംഗികനും നടനുമായിരുന്ന വിഡി രാജപ്പന്‍ അന്തരിച്ചു. 66 വയസായിരുന്നു. കോട്ടയം കുടമാളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് പേരൂരിലെ വീട്ടുവളപ്പില്‍.
സിനിമകളിലും സീരിയലുകളിലും ഹാസ്യതാരമായും ഉത്സവ പറമ്പുകളില്‍ കഥാ പ്രാസംഗികനായും പ്രശസ്തനായ രാജപ്പന്റെ അവസാന കാലം വിവിധ രോഗങ്ങള്‍ മൂലം ദുരിതപൂര്‍ണമായിരുന്നു. പരേതനായ ദേവദാസാണു പിതാവ്. മാതാവ് കുഞ്ഞിപ്പെണ്ണ്, ഭാര്യ: ടി. സുലോചന (റിട്ട. നഴ്‌സ്). മക്കള്‍: ആര്‍. രാജേഷ് (എം.ജി. സര്‍വകലാശാല), രാജീവ് (ഖത്തര്‍) മരുമക്കള്‍: മഞ്ജുഷ കപ്രായില്‍ (ആര്‍പ്പൂക്കര), അനുമോള്‍ (തൃക്കേട്ട്, ഹരിപ്പാട്).
1969 ല്‍ കോട്ടയം തിരുനക്കരയില്‍ ജനിച്ച രാജപ്പന്‍ ഉല്‍സവ പറമ്പുകളെ ഇളക്കിമറിച്ചാണ് തന്റെ കലാ ജീവിതം തുടങ്ങിയത്. പിന്നീട് വിദേശ രാജ്യങ്ങളിലടക്കം ആറായിരത്തോളം വേദികളില്‍ രാജപ്പന്‍ കാണികളെ പൊട്ടിച്ചിരിപ്പിച്ചു. മാക് മാക്, കുമാരി എരുമ, അവളുടെ പാര്‍ട്‌സുകള്‍, ചികയുന്ന സുന്ദരി, പൊത്തുപുത്രി, പ്രിയേ നിന്റെ കുര, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ രാജപ്പന്റെ കഥാപ്രസംഗങ്ങള്‍ എക്കാലത്തേയും ഹിറ്റുകളായി.
കാട്ടുപോത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച രാജപ്പന്‍ എങ്ങനെ നീ മറക്കും, ആട്ടക്കലാശം, കക്ക, കുയിലിനെത്തേടി, മാന്‍ ഓഫ് ദ് മാച്ച്, മേലേപ്പറമ്പില്‍ ആണ്‍വീട്, കുസൃതിക്കാറ്റ് തുടങ്ങി എണ്‍പതോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല