സ്വന്തം ലേഖകന്‍: ഇതാ മലയാളത്തിന്റെ ബാഹുബലി, ഏറ്റവും ചെലവേറിയ മലയാള ചിത്രം വീരത്തിന്റെ കിടിലന്‍ ടീസര്‍ കാണാം. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. പുരാതന കേരളത്തിന്റെ പശ്ചാത്തലത്തില്‍ ചേകവന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് നായകന്‍. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
ചടങ്ങില്‍ സംഗീതസംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്റെറെ ആദരിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അര്‍ജ്ജുനന്‍ മാസ്റ്ററാണ്. കാവാലം നാരായണ പണിക്കരുടേതാണ് ഗാനരചന. അന്തരിച്ച കാവാലം നാരായണ പണിക്കര്‍ക്കും സംഗീത സംവിധായകന്‍ രാജാമണിക്കും ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിര്‍മാതാക്കളായ സിയാദ്‌കോക്കര്‍,സാബു ചെറിയാന്‍, എവര്‍ഷൈന്‍ മണി തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഷാജികൈലാസ്,ലാല്‍ജോസ്, സിദ്ദാര്‍ത്ഥ് ഭരതന്‍, റോബിന്‍ തിരുമല, ബ്ലസി, റോഷന്‍ ആന്‍ഡ്രൂസ്, ജിത്തു ജോസഫ്, തമ്പി കണ്ണന്താനം, നിതിന്‍ രഞ്ജിപണിക്കര്‍, ഡോ.ബിജു തുടങ്ങിയ പ്രശസ്തരായ സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.
ചിത്രത്തിലെ നായകന്‍ കുനാല്‍ കപൂറും നായിക ദിവീന താക്കൂറും മറ്റു താരങ്ങളും ചേര്‍ന്ന് ട്രെയിലര്‍ പുറത്തിറക്കി. വലിയ കഠിനപ്രയത്‌ന ത്തിന്റെ ഫലമാണ് ഈ ചിത്രമെന്നും, മറ്റു ഭാഷകള്‍ പോലെയല്ല മലയാളം, ഇതൊരു വെല്ലുവിളി ആയി ഏറ്റെടുത്തു കൊണ്ടാണ് താന്‍ ചിത്രത്തിലേയ്ക്ക് വന്നതെന്നും ചിത്രത്തിലെ നായകന്‍ കുനാല്‍ ചടങ്ങില്‍ പറഞ്ഞു. വില്യം ഷേക്‌സ് പിയറിന്റെ വിഖാത ദുരന്ത നാടകമായ മാക്ബത്തിനെ മലയാളീകരിച്ച വീരത്തില്‍ ചന്തു എന്ന മുഖകഥാപാതെത്തെയാണ് കുനാല്‍ അവതരിപ്പിക്കുന്നത്.
അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് സംവിധായകന്‍ ജയരാജ് പൂര്‍ണ്ണകുംഭം നല്‍കി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ചന്ദ്രമോഹന്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ചിത്രത്തിന്റെ ഓഡീയോ റീലിസ് നടത്തി. കളരിപ്പയറ്റിന്റെ സാധ്യതകള്‍ പരമാവധി പകര്‍ത്തിയെടുക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതികവിഭാഗം കൈകാര്യം ചെയ്യുന്നത് ഹോളിവുഡില്‍ നിന്നുമുള്ള വിദഗ്ദ്ധരാണ്. സിനിമയുടെ ബജറ്റിന്റെ അറുപതു ശതമാനവും ചെലവഴിച്ചത് സ്‌പെഷല്‍ ഇഫെക്റ്റിനും സിനിമയുടെ സാങ്കേതിക മികവിനുമായാണ്. ലോകത്തിലെ ഏറ്റവും മികച്ച സിനിമാ സാങ്കേതികവിദഗ്ധരാണ് ചിത്രത്തിന്റെ പിന്നണിയില്‍.
ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകളില്‍ ജോലിചെയ്ത ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് മേക്കപ്പ് മാന്‍. ലോഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകള്‍ചെയ്ത അലന്‍ പോപ്പില്‍ട്ടന്‍ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുമ്പോള്‍ റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന്‍ ജഫ് റോണ എന്നിവരും വീരത്തിനായി ഒത്തുചേരുന്നു.
ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ. അതാകും നവരസം പരമ്പരയിലെ തന്റെ അടുത്ത ചിത്രമായ വീരമെന്ന് സംവിധായകന്‍ ജയരാജ് പറയുന്നു. ഞങ്ങളുടെ ഈ സ്വപ്നം നൂറുശതമാനം ശരിയാകുമെന്നു തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.ചിത്രം എല്‍ ജെ ഫിലിംസ് നവംബറില്‍ പ്രദര്‍ശനത്തിനെത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല