സ്വന്തം ലേഖകന്‍: കാട്ടില്‍ ഒളിഞ്ഞു കിടക്കുന്നത് വീരപ്പന്റെ 500 കോടിയുടെ നിധി, സ്വത്തുക്കള്‍ ഒളിപ്പിച്ച സ്ഥലം അജ്ഞാതം. വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് ഒക്ടോബര്‍ 18 ന് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നിധിയെക്കുറിച്ചുള്ള ചര്‍ച്ചകളും അഭ്യൂഹങ്ങളും വീണ്ടും സജീവമാകുകയാണ്. 2004 ഒക്‌ടോബര്‍ 18 നാണ് ധര്‍മ്മപുരിയില്‍ വച്ച് വീരപ്പനെ പ്രത്യേക സേന ഏറ്റുമുട്ടലില്‍ വധിച്ചത്.
കൊല്ലപ്പെടും മുമ്പ് വീരപ്പന്‍ കാട്ടില്‍ പലയിടങ്ങളിലായി നിക്ഷേപിച്ചിരിക്കുന്ന കോടികള്‍ ഇപ്പോഴും വനത്തിലുണ്ടെന്നാണ് വിശ്വാസം. പണമായും ആനക്കൊമ്പ് ഉള്‍പ്പെടെ മറ്റ് വസ്തുവകകളുമായി അഞ്ഞൂറ് കോടി രൂപയില്‍ കുറയാത്ത സ്വത്തുക്കള്‍ ഇന്നും കാട്ടിലുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ആറായിരം ചതുരശ്ര മൈലില്‍ തന്റെ കാട്ടിലെ സാമ്രാജ്യം അടക്കി വാണ കാലത്ത് വീരപ്പന്‍ രണ്ടായിരത്തോളം ആനകളെ വേട്ടയാടിയിട്ടുണ്ട്. 75 കോടിയോളം ചന്ദനക്കടത്തിലൂടെ സമ്പാദിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥ കണക്ക് ഇതിന് മുകളില്‍ വരും. പണവും മറ്റ് സ്വത്തുക്കളും കാട്ടില്‍ ഒളിപ്പിക്കുന്നതിന് വീരപ്പന് പ്രത്യേക രീതികളുണ്ടായിരുന്നു.
സ്വത്തുക്കള്‍ ഒളിപ്പിച്ച സ്ഥലങ്ങള്‍ വീരപ്പന് പുറമെ സംഘത്തിലെ രണ്ടാമനും അറിയാമായിരുന്നു. എന്നാല്‍ ഇയാളും പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിധിയുടെ രഹസ്യവും വീരപ്പനോടൊപ്പം കൂഴിച്ചു മൂടപ്പെട്ടുവെന്നാണ് വീരപ്പനെ കൊലപ്പെടുത്തിയ സംഘം പറഞ്ഞത്. എന്നാല്‍ വീരപ്പന്‍ സംഘാംഗങ്ങള്‍ സ്വത്ത് വീതിച്ച് എടുത്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വീരപ്പന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ സ്വത്തുക്കള്‍ തേടി കാട് അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല