മലയാളിക്കിതു വേണം- മലയാളികള്‍തന്നെ അടക്കം പറയുന്നു. മത്തുപിടിപ്പിച്ച ഉപഭോക്തൃസംസ്കാരത്തിന്റെ ഭാഗമായി മലയാളികളുടെ അടുക്കള ശൂന്യമാവുകയാണ്. ഇതിന് ഉത്തരവാദി മലയാളി തന്നെ. ഒരുതണ്ട് കറിവേപ്പിലയ്ക്കും ഒരു പച്ചമുളകിനും ഒരുതണ്ട് ചീരയ്ക്കും തമിഴ്നാടിനെ ആശ്രയിക്കുന്ന മലയാളി ഇന്ന് അടുക്കളയില്‍ മറന്നുവച്ച കറിവേപ്പിലയ്ക്കായിപോലും പരതുകയാണ്. ഉണക്കമീനും പച്ചമീനും കോഴിമുട്ടയും കപ്പയും ചേനയും എല്ലാം തമിഴ്നാട് കനിഞ്ഞാലേ മലയാളിക്കു കണികാണാനൊക്കൂ.
തമിഴ്നാട് കേരളത്തിനെതിരേ ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളിയും ഇതുതന്നെയാണ്. തങ്ങള്‍ വഴിയടച്ചാല്‍ കേരളം പട്ടിണികിടന്നു മരിക്കുമെന്ന് തമിഴ്നാട്ടുകാര്‍ കരുതുന്നു. ഇത് പാടേ തള്ളിക്കളയാന്‍ മലയാളിക്കാകുകയുമില്ല. കേരളത്തിന് ആവശ്യമായ മുഴുവന്‍ പാലും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇടുക്കി ജില്ലയില്‍പോലും തമിഴ്നാട്ടില്‍നിന്നും ഇറക്കുമതിചെയ്യുന്ന പാല്‍ ലഭിക്കാതെവന്നാല്‍ പാലുകുടി മുട്ടുമെന്നതാണ് സ്ഥിതി. സമുദ്രനിരപ്പില്‍നിന്നും 3000 അടിക്കുമേല്‍ ഉയരത്തിലുള്ള കിഴക്കന്‍ മേഖലയില്‍ വളരാത്ത പച്ചക്കറികള്‍ ഒന്നുമില്ല. എങ്കിലും ഒരുചുവട് തക്കാളിയോ, ഒരുചുവട് കാന്താരിയോ, ഒരു കോഴിപോലുമില്ലാത്ത വീടുകളാണ് കേരളത്തിലുള്ളത്.
30 ഏക്കര്‍ സ്ഥലമുള്ള ആളിന് ഒരുചുവട് വഴുതനപോലും ഇല്ലെന്നുപറഞ്ഞാല്‍ മലയാളിയുടെ ഉപഭോക്തൃസംസ്കാരത്തിന്റെ തീവ്രത വ്യക്തമാകും. ഏലവും കുരുമുളകും റബറും കശുമാവും കൊക്കോയും ജാതിയും ഗ്രാമ്പുവും മാത്രമേ മലയാളി കൃഷിചെയ്യൂ. കേരളത്തിന്റെ നെല്ലറകള്‍ എല്ലാം തരിശാണ്. നെല്‍പ്പാടങ്ങള്‍ എല്ലാം മണല്‍ഖനന കേന്ദ്രങ്ങളായി മാറി. ഇതിനെല്ലാം ഉത്തരവാദി മലയാളിതന്നെയാണെന്നു പറഞ്ഞുവയ്ക്കാമെങ്കിലും ഭരിക്കുന്നവരുടെ അവഗണനയും പിന്നിലുണ്ട്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ നെല്‍കൃഷിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൈയനക്കിയില്ല. പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാതെ ക്ഷീരകര്‍ഷകര്‍ കൂടൊഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ മെയ്യനക്കിയില്ല.
ആടും കോഴിയും പടികടന്നപ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചു. പച്ചക്കറി കൃഷിക്ക് പ്രോത്സാഹനവും ആനുകൂല്യവും നല്‍കിയില്ല. ഏലത്തിനും കുരുമുളകിനും റബറിനും സബ്സിഡിയും വായ്പയും നല്‍കിയപ്പോള്‍ തന്നാണ്ടുകൃഷിയേയും ക്ഷീരമേഖലയേയും സൌകര്യപൂര്‍വം അവഗണിച്ചു. ക്ഷീരമേഖലയെ ഇതുവരെ കൃഷിയായിപോലും കണക്കാക്കാന്‍ സര്‍ക്കാരുകള്‍ക്കായിട്ടില്ല. കേരളത്തിലെ മത്സ്യകമ്പോളങ്ങള്‍ എല്ലാം അടയുകയാണ്. തമിഴ്നാട്ടില്‍നിന്നും പച്ചമീനും ഉണക്കമീനും എത്താതെവന്നതാണ് ഇതിനു കാരണം. മത്സ്യത്തിന്റെ കാര്യത്തില്‍പോലും മലയാളി തമിഴ്നാട്ടില്‍ പോകണം.
ഇന്നും മണ്‍മറഞ്ഞിട്ടില്ലാത്ത പഴയ തലമുറയെ കേട്ടുപഠിക്കാനെങ്കിലും മലയാളി തയാറായിരുന്നെങ്കില്‍ ഇന്ന് തമിഴ്നാടിന്റെ ഈ വെല്ലുവിളി ഉണ്ടാകുമായിരുന്നില്ല. കപ്പയും കപ്ളങ്ങയും തമിഴ്നാട്ടിലേക്ക് കയറ്റിയയച്ചിരുന്ന കാലം മറക്കാന്‍ സമയമായിട്ടില്ല. തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരേ അതിക്രമം നടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നശിപ്പിക്കപ്പെട്ടത് കപ്പയും വാഴയും കപ്ളവും ഉള്‍പ്പെടെയുള്ള കൃഷികളാണ്. പന്നിയും പശുവും എരുമയും കോഴിയും പ്രാവുകളും കള്‍ഗവും മീനുമൊക്കെ കൊള്ളയടിക്കപ്പെട്ടു.
മലയാളിക്ക് കൃഷിയോടുള്ള താത്പര്യം കുറഞ്ഞിട്ടില്ലെന്നതിനു തെളിവാണിത്. പിന്നെന്തേ മലയാളി മലയാളമണ്ണില്‍ കൃഷിചെയ്യാത്തത് എന്നുചോദിച്ചാല്‍ അതിനുള്ള സാഹചര്യം ഇവിടെ ഇല്ലെന്നതുതന്നെ ഉത്തരം. സാഹചര്യം ഒരുക്കി നല്‍കേണ്ടത് സര്‍ക്കാര്‍തന്നെയാണ്. കാലാവസ്ഥയെ പ്രതിരോധിച്ച് കൃഷി ലാഭകരമാക്കുന്നതിനുള്ള ഗ്രീന്‍ ഹൌസ് ഫാമിംഗും മലയാളി പരിശീലിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല