സ്വന്തം ലേഖകന്‍: പച്ചക്കറികളിലെ വിഷാംശം, കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട്ടിലെ കര്‍ഷകര്‍. തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവരുന്ന പച്ചക്കറികളില്‍ വിഷാംശം ഉള്ളതാണോയെന്ന് അടുത്തമാസം അഞ്ചുമുതല്‍ പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ പരിശോധിച്ചശേഷം പച്ചക്കറികള്‍ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചാല്‍ കേരളത്തിനെതിരേ ഉപരോധം അടക്കമുള്ള സമരം ആരംഭിക്കാനാണു ഗൂഡല്ലൂരിലെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലേയും ഒരു വിഭാഗം കര്‍ഷകരുടെയും വ്യാപാരികളുടെയും നീക്കമെന്നാണ് സൂചന. ഇതു സംബന്ധിച്ചു കുമളിയുടെ അതിര്‍ത്തിക്കപ്പുറത്തു കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കേരളം കര്‍ശന നിലപാട് കൈക്കൊണ്ടതോടെ ഇതേക്കുറിച്ച് ആലോചിക്കാന്‍ തേനി കലക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം കമ്പം പഞ്ചായത്ത് യൂണിയന് ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും വ്യാപാരി പ്രതിനിധികളുടെയും കര്‍ഷകരുടെയും യോഗം ചേര്‍ന്നു. 12 ലക്ഷം രൂപയ്ക്കു മുകളില്‍ വ്യാപാരമുള്ളവര്‍ ഉല്പന്നങ്ങള് കൊണ്ടുവരാന്‍ ലൈസന്‍സ് എടുക്കണമെന്നാണ് നിയമമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
പരിശോധന കൂടാതെ കേരളത്തിലേക്ക് പച്ചക്കറി കൊണ്ടുവരാനുള്ള അനുമതി ഓഗസ്റ്റ് നാലോടെ അവസാനിക്കും. ഒരുവിഭാഗം വ്യാപാരികള്‍ ലൈസന്‍സ് എടുക്കാന്‍ യോഗത്തില്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കീടനാശിനികള്‍ വീര്യം കുറച്ച് പച്ചക്കറി തോട്ടങ്ങളില്‍ ഉപയോഗിക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തമിഴ്നാട് അധികൃതര്‍ യോഗത്തില്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല