തമിഴ്നാട്ടില്‍ ദീപാവലി ആഘോഷത്തിന് ആവേശം പകര്‍ന്ന ഏഴാം അറിവും വേലായുധവും ബോളിവുഡിലേക്ക്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വേലായുധത്തില്‍ സല്‍മാന്‍ ഖാനും ഏഴാം അറിവില്‍ ആമിര്‍ ഖാനും താല്‍പ്പര്യം പ്രകടിപ്പിച്ചതായി അറിയുന്നു.
എം രാജ തന്നെയായിരിക്കും വേലായുധം ഹിന്ദിയില്‍ ഒരുക്കുക. സല്‍മാന്‍ ഖാനെ നായകനാക്കി ഈ സിനിമ ബോളിവുഡില്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ക്ക് എം രാജ തുടക്കം കുറിച്ചിട്ടുണ്ട്. വിജയ് നായകനായ കാവലന്‍ ബോളിവുഡില്‍ പരീക്ഷിച്ച് വമ്പന്‍ നേട്ടം കൊയ്തതോടെ വിജയ് ചിത്രങ്ങളോട് പ്രത്യേക സ്നേഹം തന്നെയുണ്ട് സല്‍മാന്. എന്തായാലും അടുത്ത വര്‍ഷം വേലായുധം ഹിന്ദി സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘ഏഴാം അറിവ്’ റിലീസാകാന്‍ കാത്തിരിക്കുകയായിരുന്നു ആമിര്‍ ഖാന്‍. താരത്തിന് ചിത്രം ഇഷ്ടമായതായാണ് റിപ്പോര്‍ട്ട്. പക്ഷേ മുരുഗദോസ് പൂര്‍ണമായും ഈ ചിത്രം റീമേക്ക് ചെയ്യുക എന്ന തീരുമാനത്തിലെത്തിയിട്ടില്ല. തമിഴ്നാടുമായി ബന്ധപ്പെട്ട കഥയായതിനാല്‍ അത് ഹിന്ദിയിലൊരുക്കി വിജയിപ്പിക്കുന്നതിനുള്ള റിസ്ക് മനസിലാക്കിയാണ് മുരുഗദോസ് പിന്‍വലിഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ചിത്രം ഹിന്ദിയിലെടുക്കണമെന്ന ഉറച്ച നിലപാടിലാണത്രെ ആമിര്‍.
ദീപാവലി റിലീസുകളില്‍ നേട്ടം കൊയ്തത് വേലായുധമാണ്. ചിത്രം വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. എന്നാല്‍ ഏഴാം അറിവിന്‍റെ ബോക്സോഫീസ് പ്രകടനം നിരാശാജനകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല