സ്വന്തം ലേഖകന്‍: ഓണം ആഘോഷമാക്കാന്‍ പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള സൈക്കിള്‍ ചവിട്ടിയെത്തി, ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകത്തിന്റെ’ ടീസര്‍ കാണാം. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. താടിയും കണ്ണടയുമൊക്കെയായി കുര്‍ത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിള്‍ ചവിട്ടി വരുന്ന പ്രൊഫസ്രര്‍ മൈക്കിള്‍ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. അനൂപ് മേനോന്‍, സിദ്ദിഖ്, സലീംകുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ചിരിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ മുന്‍കാല സിനിമകളിലൊന്നായ ദേവദൂതനിലെ വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന രൂപഭാവങ്ങളിലാണ് മോഹന്‍ലാല്‍ വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നതെന്നതും കൗതുകകരമാണ്. ലാല്‍ജോസും മോഹന്‍ലാലും ആദ്യാമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വെളിപാടിന്റെ പുസ്തകം ഷൂട്ടിംഗ് നാളുകള്‍ മുതല്‍ തന്നെ ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്നു. ആഗസ്റ്റ് 31നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല