സ്വന്തം ലേഖകന്‍: കേരളത്തില്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണിക്ക് നീക്കം, പിന്തുണയുമായി ബിജെപി. സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും പ്രധാനമായ രാഷ്ട്രീയ നീക്കത്തിനൊടുവില്‍ എസ് എന്‍ ഡി പി ബിജെപിയുമായി ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള സാധ്യതകള്‍ ആരായുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
ഇരുമുന്നണികളും കേരളത്തെ നാശത്തിലേക്കാണു നയിക്കുന്നതെന്നു പറഞ്ഞ വെള്ളാപ്പള്ളി ഇന്ത്യ ഭരിക്കുന്നതു ബിജെപിയാണെന്ന് ഓര്‍മിപ്പിച്ചു. നേരത്തെ അദ്ദേഹം ഈ വിഷയ സംബന്ധിച്ച് ഡല്‍ഹിയില്‍ പ്രധാനമന്ത്രി, ബിജെപി അധ്യക്ഷന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
എസ്എന്‍ഡിപി, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കേരളത്തില്‍ ഇഴയടുപ്പമായെന്ന്, ഇതേത്തുടര്‍ന്നു വാര്‍ത്താസമ്മേളനം വിളിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പ്രതികരിച്ചു. സംസ്ഥാന ഘടകത്തെ ഇരുട്ടില്‍ നിര്‍ത്തിയാണു കേന്ദ്ര നീക്കങ്ങളെന്ന വ്യാഖ്യാനം മുരളി നിഷേധിച്ചു. ഇഴയടുപ്പത്തിനു വഴിയൊരുക്കിയതു സംസ്ഥാന നേതൃത്വമാണെന്നും സംസ്ഥാന തലത്തില്‍ ഇതു സംബന്ധിച്ച വിശദചര്‍ച്ച നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി യോഗം അജയ്യശക്തിയായി വളരുകയാണെന്നു വെള്ളാപ്പള്ളി അവകാശപ്പെട്ടു. ഇരുമുന്നണികളും എസ്എന്‍ഡി പിയെ നശിപ്പിക്കാനും വേട്ടയാടാനുമേ നോക്കിയിട്ടുള്ളൂ. സിപിഎമ്മിനെ പിന്നോട്ടടിക്കുന്നതു കണ്ണൂര്‍ ലോബിയാണ്. തെറ്റു തിരുത്താന്‍ അവര്‍ തയാറല്ല. അരുവിക്കരയിലെ തോല്‍വിക്ക് ഉത്തരവാദി ഞങ്ങളാണ് എന്നാണു പറയുന്നത്. ഗുരുവിനെ കുരിശിലേറ്റിയതു തെറ്റാണെന്നു പറയാന്‍ എസ്. രാമചന്ദ്രന്‍ പിള്ള തയാറായി. ഇവിടെയുള്ളവര്‍ അതു ന്യായീകരിക്കുകയാണ്. കേരളം ഒന്നടങ്കം അതിനെതിരെ പ്രതിഷേധിച്ചു. വി.എസ്. അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്കു മറുപടിയില്ലെന്നു വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും തോല്‍പ്പിക്കാന്‍ അവരടക്കം ആരുമായുമുള്ള സഖ്യസാധ്യത ആരായും. തിരുവനന്തപുരം കോര്‍പറേഷനില്‍ എസ്എന്‍ഡിപിയുമായുള്ള ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. എന്‍എസ്എസിനു താല്‍പര്യമുണ്ടെങ്കില്‍ അവരെയും കൂട്ടും. കുറേ ക്കാലമായുള്ള സിപിഎം–കോണ്‍ഗ്രസ്–ലീഗ് ഭരണത്തിനെതിരെ ഭൂരിപക്ഷ സമുദായ ഐക്യനിര രൂപപ്പെടാന്‍ പോവുകയാണെന്നും മുരളി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല