1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2011

അര്‍ജന്റീനയെ തോല്പിക്കാനാകും എന്ന് ഞങ്ങള്‍ക്കുറപ്പായി- സപ്തംബര്‍ ആദ്യം കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനുശേഷം വെനസ്വേലന്‍ കോച്ച് സെസര്‍ ഫാരിയസ് പറഞ്ഞു. രണ്ടുവട്ടം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയുമായുള്ള അകലം വളരെക്കുറഞ്ഞുവെന്ന് ആ മത്സരത്തില്‍ തെളിയിച്ച വെനസ്വേലന്‍ നിര, ബുധനാഴ്ച കോച്ചിന്റെ പ്രസ്താവന നടപ്പാക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് അര്‍ജന്റീനയെ പരാജയപ്പെടുത്തി വെനസ്വേല ചരിത്രം കുറിച്ചു.

ഏറ്റുമുട്ടിയപ്പോള്‍, കഴിഞ്ഞ പതിനെട്ടുതവണയും വിജയിച്ച അര്‍ജന്റീനയ്‌ക്കെതിരെ വെനസ്വേലയുടെ ആദ്യ ജയം.
ഫെര്‍ണാണ്ടോ അമോറെബിറ്റ 61-ാം മിനിറ്റില്‍ നേടിയ ഗോളാണ് വെനസ്വേലയുടെ ഫുട്‌ബോള്‍ ചരിത്രം മാറ്റിയെഴുതിയത്. ബ്യൂണസ് അയേഴ്‌സില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ചിലിയെ 4-1ന് തോല്പിച്ച ആത്മവിശ്വാസവുമായെത്തിയ അര്‍ജന്റീനയ്ക്ക് പ്യൂര്‍ട്ടോ ലാ ക്രൂസില്‍ അടിതെറ്റുന്ന കാഴ്ചയായിരുന്നു. വിയര്‍ത്തൊട്ടുന്ന ചൂടില്‍ ലയണല്‍ മെസ്സിയടക്കമുള്ള സൂപ്പര്‍താരനിര വിവശരായപ്പോള്‍, ഗോളി മരിയാനോ അന്‍ഡുയാറിന്റെ സേവുകളാണ് തോല്‍വിയുടെ കാഠിന്യം കുറച്ചത്.

അലസാന്‍ഡ്രോ സബേല പരിശീലകനായി ചുമതലയേറ്റ ശേഷം അര്‍ജന്റീന നേരിടുന്ന ആദ്യ തോല്‍വിയാണ് ഇത്. പ്യൂര്‍ട്ടോ ലാ ക്രൂസിലെ കാലാവസ്ഥയാണ് തന്റെ ടീമിനെ വലച്ചതെന്ന് സബേല മത്സരശേഷം പറഞ്ഞു. കോപ്പ അമേരിക്കയുടെ സെമിഫൈനലിലെത്തിയതു മുതല്‍ പുതിയൊരു തലത്തിലേക്ക് തന്റെ ടീം ഉയര്‍ന്നുവെന്ന് വെനസ്വേലന്‍ കോച്ച് സെസാര്‍ ഫാരിയസ് പറയുന്നു.

നാലുവര്‍ഷമായി ടീമിനെ പരിശീലിപ്പിക്കുന്ന സെസാര്‍, തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായാണ് ഇതിനെ കണ്ടത്. ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ പങ്കെടുക്കുന്ന പത്ത് രാജ്യങ്ങളില്‍ ലോകകപ്പിന് ഇതേവരെ യോഗ്യത നേടാത്ത ടീമാണ് വെനസ്വേല. ഇക്കുറി അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സെസാറും ടീമും.

കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായ് ബുധനാഴ്ച രാവിലെ നടന്ന മത്സരത്തില്‍ കോപ്പയിലെ റണ്ണറപ്പുകളായ പാരഗ്വായ്‌യുമായി 1-1 സമനില പാലിച്ചു. 67-ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാനിലൂടെ മുന്നിലെത്തിയ ഉറുഗ്വായ്‌യെ ഇന്‍ജുറി ടൈമില്‍ റിച്ചാര്‍ഡ് ഓര്‍ട്ടിസ് നേടിയ ഗോളിലാണ് പാരഗ്വായ് തളച്ചത്. കരിയറിലെ 32-ാം അന്താരാഷ്ട്ര ഗോള്‍ നേടിയതോടെ, ഉറുഗ്വായ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്ന താരമായി ഡീഗോ ഫോര്‍ലാന്‍ മാറി. 1920-’30 കാലത്തെ സൂപ്പര്‍ത്താരമായിരുന്ന ഹെക്ടര്‍ സ്‌കറോണിനെയാണ് ഫോര്‍ലാന്‍ പിന്തള്ളിയത്.

മറ്റൊരു മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബൊളീവിയയെ പരാജയപ്പെടുത്തി. അര്‍ജന്റീനയോട് ആദ്യ മത്സരത്തില്‍ വന്‍ തോല്‍വി നേരിട്ട ചിലി, പെറുവിനെതിരെ 4-2 വിജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.