സ്വന്തം ലേഖകന്‍: ഇന്ത്യക്കു പിന്നാലെ വെനസ്വേലയിലും ഏറ്റവും ഉയര്‍ന്ന കറന്‍സി പിന്‍വലിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കറന്‍സിയായ 100 ബൊളിവറാണ് വെനസ്വേല പിന്‍വലിച്ചത്. 72 മണിക്കൂറിനകം തീരുമാനം പ്രാബല്യത്തിലാകുമെന്നു പ്രസിഡന്റ് നിക്കോളാസ് മഡുറോ അടിയന്തര ഉത്തരവായി ഞായറാഴ്ച പ്രഖ്യാപിച്ചു.
മാഫിയാസംഘങ്ങള്‍ നൂറിന്റെ ബൊളിവര്‍ കറന്‍സികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടു പോയി കൊളംബിയയിലെ നഗരങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സാഹചര്യത്തിലാണു കറന്‍സി നിരോധനമെന്നു മഡുറോ പറഞ്ഞു. രാജ്യത്തെ ബാങ്കുകളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും മഡുറോ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികപ്രതിസന്ധിമൂലം നട്ടംതിരിയുന്ന വെനസ്വേലയിലാണു ലോകത്ത് ഏറ്റവും അധികം പണപ്പെരുപ്പമുള്ളത്. മൂന്നു സെന്റ്(190 പൈസ) ആണു 100 ബൊളിവര്‍ കറന്‍സിക്ക് ഇപ്പോഴുള്ള മൂല്യം. ഒരു മിഠായിയുടെ പകുതിക്കുപോലും തികയാത്ത തുക. ഒരു ഹാംബര്‍ഗര്‍ വാങ്ങണമെങ്കില്‍ ഒരു കൂമ്പാരം കറന്‍സി വേണം.
ഈ വര്‍ഷം അവസാനത്തോടെ വെനസ്വേലയില്‍ പണപ്പെരുപ്പം 475 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് കണക്കുകൂട്ടുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മഡുറോയെ പ്രതിപക്ഷം കുറ്റപ്പെടുത്തുമ്പോള്‍, അമേരിക്കയുടെ പിന്തുണയുള്ള മുതലാളിത്ത ഗൂഢാലോചനയാണു പ്രശ്നങ്ങള്‍ക്കു കാരണമെന്നാണു മഡുറോയുടെ ന്യായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല