സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്. വെനസ്വേലയിലെ വടക്കന്‍ പട്ടണമായ വെലന്‍സിയായിലാണ് സംഭവം. അറ്റോര്‍ണി ജനറല്‍ താരഖ് സാബാണ് വിവരം പുറത്തുവിട്ടത്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ജയിലിനുള്ളിലെ സംഘര്‍ഷങ്ങള്‍ക്കിടെയാണ് തീപിടിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാല് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
വിവരമറിഞ്ഞ് തടവുകാരുടെ ബന്ധുക്കളടക്കം നിരവധി പേരാണ് ജയിലിന് പുറത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്. തങ്ങള്‍ക്ക് നീതി വേണമെന്നും എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി അധികൃതര്‍ വ്യക്തമാക്കണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തടവുകാരെ കുത്തിനിറച്ച് പാര്‍പ്പിക്കുന്നുവെന്ന ആരോപണം നേരത്തെ ഈ ജയിലിനെതിരെ ഉയര്‍ന്നിട്ടുള്ളതാണ്. അട്ടിമറി ശ്രമമാണോ തീപിടുത്തത്തിനു പിന്നിലെന്ന സംശയം ചിലര്‍ ഉന്നയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല