സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു; രാജ്യത്തിന്റെ രാഷ്ട്രപതിയായി സ്വയം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്; പ്രസിഡന്റ് മഡുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലന്‍ സൈന്യം. പ്രസിഡന്റ് നിക്കോളാസ് മദൂറോയോട് രാജ്യം വിടാന്‍ ഉത്തരവിട്ട അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് തിരികെയെത്താനും പ്രതിപക്ഷ നേതാവ് വാന് ഗെയ്‌ഡോ ആവശ്യപ്പെട്ടു.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഉത്തരവിനെ തുടര്‍ന്നാണ് രാജ്യത്തുള്ള അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ രാജ്യം വിടാന്‍ തയ്യാറായത്. ഇവര്‍ തിരികെ എംബസി ഓഫീസിലെത്തണമെന്നാണ് ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച വാന്‍ ഗെയ്‌ഡോയുടെ ഉത്തരവ്. അമേരിക്കയുടെ കൂടി പിന്തുണയോടെയാണ് ഗെയ്‌ഡോയുടെ അധികാരം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍.
പരമാധികാരം ഗെയ്‌ഡോ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പൂര്‍ണ നിയന്ത്രണം ഇപ്പോഴും മദൂറോയുടെ കൈകളില്‍ തന്നെയാണ്. 2025 വരെ കാലാവധിയുള്ള മദൂറോ സര്‍ക്കാറിനെതിരായ നീക്കങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. മദുറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുമെന്ന് യു.എസ് നേരത്തെ മുന്നറിയിപ്പും നല്‍കിയിരുന്നു. അതിനിടെ അമേരിക്കയുമായുള്ള വ്യാപാര ബന്ധം തുടരുമെന്ന് നിക്കോളാസ് മദൂറോ വ്യക്തമാക്കി.
സര്‍ക്കാറിനെ താഴെയിറക്കാന്‍ അമേരിക്ക കോപ്പ് കൂട്ടുമ്പോള്‍ മദൂറോക്ക് പിന്തുണയുമായി റഷ്യ, ചൈന, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങള്‍ രംഗത്തുണ്ട്. ഭരണം അട്ടിമറിക്കാന്‍ അമേരിക്ക നീക്കം ശക്തമാക്കിയാല്‍ മേഖല കൂടുതല്‍ കലുഷിതമാകുമെന്നാണ് വിലയിരുത്തല്‍. അതിനിടെ രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ് ഇപ്പോഴും മഡുറോ തന്നെയാണെന്ന് വെനസ്വേലന്‍ പ്രതിരോധമന്ത്രിയും സൈനികമേധാവിയുമായ വ്‌ലാദിമിര്‍ പാഡ്രിനോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മഡുറോയുടെ അധികാരം സംരക്ഷിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല