സ്വന്തം ലേഖകന്‍: വെനസ്വേലയെ ഇരുട്ടിലാക്കി അമേരിക്കയുടെ നിഴല്‍ യുദ്ധം; തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇരുട്ടിലായി; ഇത് അട്ടിമറിയാണെന്ന് മഡുറൊ. കഴിഞ്ഞ ദിവസം ഉള്‍പ്പെടെ മാര്‍ച്ചില്‍ രണ്ടു തവണയാണ് കറാക്കസടക്കം വെനസ്വേലന്‍ നഗരങ്ങള്‍ ഇരുട്ടില്‍ മുങ്ങിയത്. പെട്ടെന്നുണ്ടായ മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കം രാജ്യത്തെ കുഴക്കി.
യുഎസ് സാമ്രാജ്യത്വം വെനസ്വേലയ്‌ക്കെതിരെ ‘വൈദ്യുതി യുദ്ധം’ നടത്തുകയാണെന്നായിരുന്നു മഡുറോയുടെ ആരോപണം. കഴിഞ്ഞ ദിവസം ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവം വന്‍ അട്ടിമറിയാണെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. യുഎസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാണ് അട്ടിമറിക്ക് പിന്നിലെന്ന് വൈദ്യുതിമന്ത്രി ലുയിസ് മോട്ടാ ഡൊമിങ്കസ് പ്രതികരിച്ചു.
അതിനിടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വാന്‍ ഗ്വിഡോയ്ക്ക് അധികാരത്തില്‍ തുടരുന്നതിനു വിലക്ക്. വരവില്‍ കവിഞ്ഞ സ്വത്തു കണ്ടെത്തിയെന്ന് ആരോപിച്ച് രാജ്യത്തെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ എല്‍വിസ് അമറോസോയാണു വാന്‍ ഗ്വിഡോയ്ക്കു 15 വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. എല്‍വിസ് അമറോസോയുടെ പ്രഖ്യാപനം വാന്‍ ഗ്വീഡോ തളളി.
ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാത്ത വ്യക്തിയാണ് എല്‍വിസ് അമറോസോയെന്നായിരുന്നു വാന്‍ ഗ്വീഡോയുടെ പ്രതികരണം. വാന്‍ ഗ്വീഡോ രാജ്യം വിടുന്നതു സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്ക് വിദേശത്ത് രാഷ്ട്രീയാഭയം നല്‍കി പ്രശ്‌നപരിഹാരത്തിന് യുഎസ് ശ്രമമാരംഭിച്ചിരുന്നു.
മെക്‌സിക്കോയുമായും നോര്‍വേയുമായും ഇക്കാര്യം ചര്‍ച്ചചെയ്തതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വെളിപ്പെടുത്തി. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നു മെക്‌സിക്കോ വ്യക്തമാക്കി. സഹായത്തിന്റെ മറവില്‍ കയ്യേറ്റമാണ് യുഎസ് ലക്ഷ്യമെന്നു നിക്കോളാസ് മഡുറോ കുറ്റപ്പെടുത്തുന്നു. സഹായവിതരണം സുഗമമാക്കാന്‍ വേണ്ടി യുഎന്‍ രക്ഷാസമിതിയില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും ചേര്‍ന്നു വീറ്റോ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല