സ്വന്തം ലേഖകന്‍: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന് വിജയം, രാജ്യത്തിന്റെ 13 മത് ഉപരാഷ്ട്രപതി. രാജ്യസഭാ, ലോക്‌സഭാ എംപിമാര്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 771 എംപിമാര്‍ വോട്ട് ചെയ്തതില്‍ 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ ലഭിച്ചു. പതിനൊന്ന് പേര്‍ വോട്ട് അസാധുവാക്കി.
അതേസമയം കേരളത്തില്‍ നിന്നുള്ള മുസ്ലീം ലീഗ് എംപിമാരായ പിവി അബ്ദുള്‍ വഹാബ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് വോട്ട് ചെയ്യാനായില്ല. വോട്ടിംഗ് സമയം കഴിഞ്ഞാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. മോഡി മന്ത്രിഭയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു ആന്ധ്രപ്രദേശ് സ്വദേശിയാണ്. 68 കാരനായ അദ്ദേഹം 1949 ജൂലൈ ഒന്നിന് ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലാണ് ജനിച്ചത്.
പൊളിറ്റിക്‌സില്‍ ബിരുദധാരിയായ അദ്ദേഹം ആന്ധ്ര യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലോയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. പഠനകാലത്ത് എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ വന്ന വെങ്കയ്യ നായിഡു ആര്‍എസ്എസുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. 1972ലെ ജെയ് ആന്ധ്ര മൂവ്‌മെന്റിലൂടെയാണ് വെങ്കയ്യ നായിഡു പൊതുരംഗത്ത് ശ്രദ്ധേയനായത്. 1974 ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടി ജയില്‍വാസം അനുഭവിച്ചു.
1978, 1983 വര്‍ഷങ്ങളില്‍ ആന്ധ്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998 ല്‍ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തിയ വെങ്കയ്യ 2004, 2010 വര്‍ഷങ്ങളിലും രാജ്യസഭയിലെത്തി. വാജ്‌പേയി സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. 2002 ല്‍ ജന കൃഷ്ണമൂര്‍ത്തിയുടെ പിന്‍ഗാമിയായി ബിജെപി ദേശീയ അധ്യക്ഷനായി. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്നാണ് അദ്ദേഹം ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല