സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ലയാളത്തിന്റെ ചിരിയുടെ മുഖം നടൻ കെ.ടി. സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്.പടന്നയിലിന് സിനിമാ ലോകത്തിൻ്റെ അന്ത്യാഞ്ജലി. ഭൗതിക ശരീരം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ പൊതു ദർശനത്തിനു വച്ചതിന് ശേഷം തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിച്ചു. 88 വയസ്സുണ്ടായിരുന്ന പടന്നയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
21–ാം വയസ്സിൽ കണ്ണംകുളങ്ങര അംബേദ്കർ ചർക്ക ക്ലാസിൽ നൂൽനൂൽപ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാരംഗത്ത് എത്തിയത്.
തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡും നിരവധി ഫൈൻആർട്സ് സൊസൈറ്റി അവാർഡുകളും ലഭിച്ചു.
രാജസേനൻ സംവിധാനം ചെയ്ത ‘അനിയൻബാവ ചേട്ടൻബാവ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വ്യത്യസ്തമായ ചിരിയും ശൈലിയുമായി ആദ്യസിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തെ തേടി നിരവധി വേഷങ്ങൾ എത്തി. ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’, ‘ആദ്യത്തെ കൺമണി’, ‘വൃദ്ധൻമാരെ സൂക്ഷിക്കുക’, ‘കളമശ്ശേരിയിൽ കല്യാണയോഗം’, ‘സ്വപ്നലോകത്തെ ബാലഭാസ്കർ’, ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’, ‘കോട്ടപ്പുറത്തെ കൂട്ടുകുടുംബം’, ‘കഥാനായകൻ’, ‘കുഞ്ഞിരാമായണം’, ‘അമർ അക്ബർ അന്തോണി’, ‘രക്ഷാധികാരി ബൈജു ഒപ്പ്’ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ‘സന്മനസുള്ളവർക്ക് സമാധാനം’, ‘പകിട പകിട പമ്പരം’ തുടങ്ങിയ സീരിയലുകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.
നടന്‍ കെ.ടി.എസ്. പടന്നയിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. താരങ്ങളും സാങ്കേതിക പ്രവർത്തകരുമടക്കം സിനിമാ ലോകം എല്ലാവരും പടന്നയിലിൻ്റെ വിയോഗത്തിൽ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല