സ്വന്തം ലേഖകന്‍: താജ്മഹല്‍ കവാടത്തിനു നേരെ വിശ്വഹിന്ദു പരിഷദ് ആക്രമണം; കവാടം തകര്‍ക്കാനെത്തിയത് മുപ്പതോളം പേര്‍. താജ്മഹലിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിര്‍മിക്കുന്ന സുരക്ഷാകവാടം 400 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിലേക്കുള്ള വഴിയടക്കുന്നുവെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
പ്രതിഷേധക്കാര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രതിഷേധവുമായി എത്തിയവര്‍ ആയുധങ്ങളുപയോഗിച്ച് കവാടം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദേശത്തെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് പോലീസിന് ലഭിച്ചു. ഹാമറുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അക്രമാസക്തരായി ഗേറ്റ് തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നതെന്നും ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നും ആരോപിച്ചാണ് പൊളിക്കാന്‍ ശ്രമിച്ചത്. ചുറ്റികകളും കമ്പിപ്പാരകളുമായി 30 ഓളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്. താജ്മഹലിനെക്കാള്‍ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നതായും പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായില്ലെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല