സ്വന്തം ലേഖകന്‍: ജീവനക്കാരിക്ക് തലവേദന വന്നാല്‍ വയാഗ്ര കൊടുക്കുന്ന മാനേജര്‍മാരുണ്ട് ബെംഗളുരുവില്‍. സംഭവത്തെ തുടര്‍ന്ന് മാനേജര്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നു എന്ന് കാണിച്ച് ബെംഗളൂരു സ്വദേശിനിയായ യുവതി പോലീസില്‍ പരാതിയും നല്‍കി. ഏതാനും മാസങ്ങളായി താന്‍ മാനേജരുടെ ഉപദ്രവം സഹിച്ചുവരികയാണ് ജാലഹള്ളിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22 കാരി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തലവേദനയെടുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മാനേജര്‍ വയാഗ്ര നല്‍കിയതായും യുവതി പോലീസിനോട് പറഞ്ഞു. തലവേദനയാണ് മരുന്ന് വാങ്ങാന്‍ പോകണം എന്ന് അനുവാദം ചോദിക്കാന്‍ ചെന്നപ്പോള്‍ മരുന്ന് താന്‍ തരാം എന്ന് പറഞ്ഞ് വയാഗ്ര നല്‍കുകയായിരുന്നത്രെ. കഴിഞ്ഞ ഒരു വര്‍ഷമായി പരാതിക്കാരി ഇവിടെ ജോലി ചെയ്യുന്നുണ്ട്.
യുവതിയുടെ പരാതിയില്‍ പീനിയ പോലീസ് മനേജരായ മല്ലപ്പയ്‌ക്കെതിരെ കേസെടുത്തു. 38കാരനായ ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയും കുട്ടികളുമുള്ള ഇയാള്‍ സ്ഥാപനത്തിലെ ജോലിക്കാരിയോട് പല തവണ വിവാഹാഭ്യര്‍ഥന നടത്തിയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
ഓഫീസില്‍ മറ്റാരും ഇല്ലാത്ത സമയത്ത് മാനേജര്‍ തന്റെ ദുപ്പട്ട മാറ്റുകയും ശരീരഭാഗങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്യാറുണ്ട് എന്ന് യുവതി പോലീസിനോട് പറഞ്ഞു. മറ്റൊരു മാര്‍ഗവും ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ജോലിയില്‍ തുടരുന്നത്. മല്ലപ്പയ്‌ക്കെതിരെ പരാതി പറഞ്ഞാലും ആരും അത് വിശ്വസിക്കില്ല. സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്. താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല