സ്വന്തം ലേഖകന്‍: 13 മത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച, വിജയം സുനിശ്ചിതമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു. വെങ്കയ്യ നായിഡുവും പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലാണു മത്സരം. നാമനിര്‍ദേശം ചെയ്യപ്പെട്ടവരടക്കം 545 ലോക്സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണു വോട്ടര്‍മാര്‍. എം.പിമാരുടെ എണ്ണത്തില്‍ വ്യക്തമായ മേല്‍ക്കൈയുള്ള എന്‍.ഡി.എ. വിജയം ഉറപ്പിച്ചുകഴിഞ്ഞു.
ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം തന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി പത്തിന് അവസാനിക്കുകയാണ്. പ്രതിപക്ഷനിരയിലിരിക്കെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച ജെ.ഡി.യു. അതിനു ശേഷം ബിഹാര്‍ ഭരണത്തില്‍ ബി.ജെ.പിയുമായി കൈകോര്‍ത്തെങ്കിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ഗോപാല്‍കൃഷ്ണ ഗാന്ധിക്കാണ്.
നേരത്തേ തന്നെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നതാണു കാരണം. ലോക്സഭയില്‍ രണ്ടും രാജ്യസഭയില്‍ പത്തും അംഗങ്ങളാണ് അവര്‍ക്കുള്ളത്. ജെ.ഡി.യു. ഇല്ലെങ്കില്‍പ്പോലും ലോക്സഭയില്‍ എന്‍.ഡി.എയ്ക്ക് 338 അംഗങ്ങളുണ്ട്. യു.പി.എയ്ക്ക് 49 പേരാണുള്ളത്. അണ്ണാ ഡി.എം.കെ 37, തൃണമൂല്‍ കോണ്‍ഗ്രസ് 34, സി.പി.എം ഒമ്പത് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ അംഗസംഖ്യ. നാലു ലോക്സഭാംഗങ്ങളുള്ള ആംആദ്മി പാര്‍ട്ടിയുടെയും പിന്തുണ ഗോപാല്‍കൃഷ്ണ ഗാന്ധിക്കാണ്.
രാജ്യസഭയില്‍ ജെ.ഡി.യുവിനെ ഒഴിച്ചുനിര്‍ത്തിയാല്‍ 76 അംഗങ്ങളാണ് എന്‍.ഡി.എയ്ക്കുള്ളത്. യു.പി.എയുടെ 63 അംഗങ്ങളുള്‍പ്പെടെ 143 പേരാണു പ്രതിപക്ഷ സഖ്യത്തിലുള്ളത്. സമാജ്വാദി പാര്‍ട്ടി, അണ്ണാ ഡി.എം.കെ. എന്നിവര്‍ രണ്ടു സഖ്യത്തിന്റെയും ഭാഗമല്ലാതെ രാജ്യസഭയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല