സ്വന്തം ലേഖകന്‍: സ്ത്രീകളെ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി വീഡിയോ ചാറ്റ് നടത്തി പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീകളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചാറ്റില്‍ വീഡിയോ റെക്കോഡ് ചെയ്യുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണംതട്ടുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. ഖത്തര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സി.ഐ.ഡി.) ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അയച്ചാണ് സംഘം യുവാക്കളായ ഇരകളെ വീഴ്ത്തുന്നതെന്ന് പോലീസ് മാഗസിന്‍ പറയുന്നു. യുവാക്കളുമായി അടുത്തതിനു ശേഷം റെക്കോഡ് ചെയ്ത വീഡിയോ ചാറ്റ് ദൃശ്യങ്ങള്‍ യുവാവിന് അയച്ച് കൊടുക്കും. കൂട്ടത്തില്‍ യുവാവുമായി ബന്ധപ്പെടുന്ന മറ്റുള്ളവരുടെ ഇമെയില്‍ വിലാസവും സംഘം ചോര്‍ത്തിയെടുത്ത് അതിനൊപ്പം അയക്കും.
ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ അതിലേക്ക് അയച്ച് കൊടുക്കുമെന്നാകും ഭീഷണി. ഓണ്‍ലൈന്‍ ചാറ്റിങ്ങും വീഡിയോ കോളും നടത്തുമ്പോള്‍ അവ ചോര്‍ത്താന്‍ ഇന്ന് പല സംവിധാനവും ഉണ്ടെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് സി.ഐ.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ജുഫൈറി മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല