സ്വന്തം ലേഖകൻ: വിനോദസഞ്ചാരികള്‍ക്കായുള്ള വീസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകളുമായി വിയറ്റ്‌നാം. ഇത് പ്രകാരം ഇ -വീസയിലൂടെ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാം. വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം തങ്ങളുടെ വീസ ചട്ടങ്ങളില്‍ സമീപകാലത്ത് പല ഇളവുകളും പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ഇ-വീസയ്ക്ക് ഉണ്ടായിരുന്ന കാലാവധിയായ 30 ദിവസം 90 ദിവസമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഒരു വീസയില്‍ ഒന്നിലേറെ തവണ രാജ്യത്തേക്ക് വരാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ചട്ടം നിലവില്‍ വരിക. വിയറ്റ്‌നാം സര്‍ക്കാര്‍ ഇത് സംബന്ധിച്ച ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി.
നിലവില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യത്ത് നിന്ന് ഇലക്ട്രോണിക് വീസയില്‍ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് 30 ദിവസം വരെ മാത്രമേ രാജ്യത്ത് തങ്ങാന്‍ സാധിക്കുകയുള്ളു. ഒരു വീസയില്‍ ഒരു തവണ മാത്രമേ യാത്ര ചെയ്യാനും സാധിക്കുകയുള്ളു. ഇതില്‍ മാറ്റം വരുത്തുന്നത് കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നാണ് വിയറ്റ്‌നാം സര്‍ക്കാര്‍ വിലയിരുത്തുന്നത്. 25 ഡോളറാണ് ഇ.വീസയുടെ പ്രോസസിങ് ചാര്‍ജ്. സാധാരണ ഗതിയില്‍ അപേക്ഷിച്ചാല്‍ മൂന്ന് നാല് ദിവസംകൊണ്ടാണ് വീസ ലഭിക്കുക.
നിലവില്‍ 80 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് വിയറ്റ്‌നാം ഇ-വീസ നല്‍കുന്നത്. ഇരുപത്തി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വീസയൊന്നും കൂടാതെ തന്നെ വിയറ്റ്‌നാം സന്ദര്‍ശിക്കാം. വലിയൊരു വിഭാഗം ഇന്ത്യന്‍ സഞ്ചാരികളും വിയറ്റ്‌നാം സന്ദര്‍ശിക്കാനായി എത്താറുണ്ട്. ചിലവ് കുറവാണെന്നതും വിയറ്റ്നാമിലെ പ്രകൃതി ഭംഗിയും ഭക്ഷണവുമൊക്കെയാണ് ഇന്ത്യക്കാരെയും വിയറ്റ്നാമിലേക്ക് ആകര്‍ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല