സ്വന്തം ലേഖകന്‍: വിയറ്റ്നാമിലെ പ്രശസ്തമായ കുചി തുരങ്കങ്ങള്‍ ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് സ്വന്തമാകും. അമ്പതുകളിലെ വിയറ്റ്നാം യുദ്ധകാലത്ത് നിര്‍മ്മിക്കപ്പെട്ട തുരങ്കങ്ങളുടെ ഒരു വന്‍ നെറ്റ്വര്‍ക്ക് തന്നെ വിയറ്റ്നാം തലസ്ഥാനമായ ഹോചിമിന്‍ സിറ്റിയുടെ അടിയിലുണ്ട്. അതില്‍ പ്രധാനപ്പെട്ട സീക്രട്ട സെല്ലാര്‍ ബി എന്നറിയപ്പെടുന്ന കുചി തുരങ്കങ്ങളാണ് ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്.
ഫ്രഞ്ചുകാരുടെ അധീനതയിലുള്ള തെക്കന്‍ വിയറ്റ്നാമിനെതിരെ പോരാടിയിരുന്ന കമ്യൂണിസ്റ്റ് ഗറില്ലകളുടെ ഒരു രഹസ്യ പ്രിന്റിംഗ് പ്രസാണ് കുചി തുരങ്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. തെക്കന്‍ വിയര്നാമില് രഹസ്യമായി വിതരണം ചെയ്യാനുള്ള കമ്യൂണിസ്റ്റ് ലഘുലേഖകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഒരു സാധാരണ വീടിന്റെ അടിത്തട്ടിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.
വടക്കന്‍ വിയറ്റ്നാമിലെ വിപ്ലവ മുന്നേറ്റങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു ചെറിയ ട്രാന്‍സിസ്റ്റര്‍ റേഡിയോ വഴി കൈമാറിയാണ് ഇവിടെ അച്ചടിച്ചിരുന്നത്. പ്രാദേശിക വാസികള്‍ക്ക് വിപ്ലവ ബോധം വളര്‍ത്തുകയായിരുന്നു ഇവിടെ അച്ചടിച്ച ലഘുലേഖകളുടെ ഉദ്ദേശം.
1957 ല്‍ പാര്‍ട്ടി സുരക്ഷാ കാരണങ്ങളാല്‍ നിലവറ ഉപേക്ഷിച്ചു. തുടര്‍ന്ന് 1959ല്‍ കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ നിലവറയും തുരങ്കവും മണ്ണിട്ട് മൂടുകയും ചെയ്തു. ഇത്തരത്തിലുള്ള നൂറു കണക്കിന് തുരങ്കങ്ങളും നിലവറകളുമാണ് ഹോചിമിന്‍ സിറ്റിക്കു താഴെ മറഞ്ഞു കിടക്കുന്നതെന്ന് കരുതപ്പെടുന്നു.
അധികാരികളില്‍ നിന്ന് നേരത്തെ രേഖാ മൂലം അനുവാദം വാങ്ങിയതിനു ശേഷം മാത്രമേ വിനോദ സഞ്ചാരികള്‍ക്ക് ഈ തുരങ്കങ്ങളില്‍ പ്രവേശിക്കാന്‍ കഴിയൂ. തെക്കും വടക്കുമായി വിഭജിച്ചു കിടന്നിരുന്ന രാജ്യത്തെ ഒന്നിപ്പിക്കാന്‍ കമ്യൂണിസ്റ്റ് ഗറില്ലകള്‍ നടത്തിയ ഐതിഹാസികമായ ഒളിപ്പോരിന്റെ ഓര്‍മ്മകളുമായി സഞ്ചാരികളേയും കാത്ത് മണ്ണിനടിയില്‍ ഒളിച്ചിരിക്കുകയാണ് ഈ തുരങ്കങ്ങളും നിലവറകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല