1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2022

സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു തടഞ്ഞു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദ്ദേശം. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷൻ വിഭാഗത്തെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം, നാട്ടിലെത്തിയാൽ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസ്സമില്ല. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിലുണ്ടാകണമെന്ന് കോടതി പറഞ്ഞു. അതേസമയം, കോടതി നിർദ്ദേശത്തെ പ്രോസിക്യൂഷൻ എതിർത്തു.
പ്രതി നാട്ടിൽ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

വിജയ് ബാബുവിനെ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ പിടിവാശി കാണിക്കരുത്. പൊലീസിന്റെ ധാര‌ണ ശരിവയ്ക്കാനല്ല കോടതി. ഇത് ഈഗോയുടെ പ്രശ്നമല്ല. പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് പ്രധാനമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷി ചേർക്കാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സമീപകാലത്തു വിജയ് ബാബുവിന്റെ ബിസിനസുകളിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിയ ആളാണ് ഇതെന്നാണു സൂചന. അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്കു കടന്ന വിജയ് ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തത്.

ഇന്നലെ നാട്ടിൽ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. ഇന്നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ് ബാബു ശ്രമിക്കുന്നത്.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റുകയായിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കി മാറ്റുകയായിരുന്നു. ഹർജി ഇന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് പരിഗണിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.