സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ്ബാബു പോലീസിന് മുന്നില്‍ ഹാജരായി. ബുധനാഴ്ച രാവിലെ 11 മണിയോടെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം ഹാജരായത്. നാട്ടില്‍ തിരിച്ചെത്തിയാല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു.
അന്വേഷണസംഘത്തിന് വിജയ്ബാബുവിനെ ചോദ്യംചെയ്യാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിജയ്ബാബു അഭിഭാഷകനൊപ്പം എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലെത്തിയത്. യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ്ബാബുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍പോയ വിജയ്ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. കേസില്‍ കഴിഞ്ഞദിവസം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം ദുബായില്‍നിന്ന് നാട്ടിലേക്ക് തിരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ്ബാബു എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും സഹോദരനും ഒപ്പം ആലുവയില്‍ ക്ഷേത്രദര്‍ശനം നടത്തി. ഇതിനുശേഷമാണ് അദ്ദേഹം എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. കേസില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വിജയ്ബാബു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല